
നടൻ, മോഡൽ, ബിഗ്ബോസ് മുൻ മൽസരാർത്ഥി, ഇൻഫ്ളുവൻസർ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ഗബ്രി എന്നറിയപ്പെടുന്ന ഗബ്രിയേൽ ജോസ്. എന്നാല്‍ ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഗബ്രി ശ്രദ്ധിക്കപ്പെട്ടത്. സഹമത്സരാര്‍ത്ഥിയായിരുന്ന ജാസ്മിനുമായുള്ള ഗബ്രിയുടെ സൗഹൃദം ഈ സീസണില്‍ ഏറെ ചർച്ചയായിരുന്നു. ബിഗ് ബോസിനു ശേഷവും തന്റെ യൂട്യൂബ് ചാനലിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും എല്ലാ വിശേഷങ്ങളും ഗബ്രി പങ്കുവച്ചിട്ടുണ്ട്.
അടുത്തിടെ തനിക്ക് അപകടം സംഭവിച്ച കാര്യം താരം തന്നെ ആരാധകരോട് പങ്കുവച്ചിരുന്നു. കഴിഞ്ഞ വർഷം സംഭവിച്ച ആ വലിയ അപകടത്തിലൂടെ ഇടതുകൈക്ക് വലിയ രീതിയില്‍ ഗബ്രിക്ക് പരിക്കേറ്റിരുന്നു. ആശുപത്രിവാസമൊക്കെ കഴിഞ്ഞ് താരമിപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്.
ഇപ്പോഴിതാ തനിക്കുണ്ടായ അപകടത്തെക്കുറിച്ച് ഗബ്രി പറയുന്ന കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അച്ഛന്റെ വാക്ക് കേള്‍ക്കാതെ റൈഡിന് പോയെന്നും തിരിച്ചുവരുന്ന വഴിക്കാണ് തനിക്ക് അപകടം സംഭവിച്ചതെന്നുമാണ് ഗബ്രി പറയുന്നു. കൃത്യമായുള്ള റൈഡിങ് ഗിയറുകള്‍ ധരിക്കാത്തത് കൊണ്ട് തന്നെ അപകടത്തിന്റെ ഇംപാക്ട് തൊണ്ണൂറ് ശതമാനവും തന്റെ ഇടത് കൈയ്ക്കാണ് ഉണ്ടായതെന്നും എണ്‍പതോളം സ്റ്റിച്ചുകള്‍ ഇട്ടിരുന്നെന്നും യൂട്യൂബ് വീഡിയോയിലൂടെ ഗബ്രി പറഞ്ഞു.
‘‘ദുഗാട്ടി കൊച്ചിയില്‍ വർക്ക് ചെയ്യുന്ന സുഹൃത്ത് എന്നെ വിളിച്ചു. റിപ്പബ്ലിക്ക് ഡെയുടെ അന്ന് ഒരു റൈഡ് പോകുന്നുണ്ടെന്നും അത് കുട്ടിക്കാനത്തേക്ക് ആണെന്നും പറഞ്ഞു. റിപ്പബ്ലിക്ക് ഡെ ദുഗാട്ടിയുടെ റൈഡായിരുന്നു അത്. 2024ലാണ് ഞാൻ ബൈക്ക് മേടിക്കുന്നത്. പക്ഷെ ലോങ് റൈഡ് പോകാറില്ല. അതുകൊണ്ട് തന്നെ റൈഡിന് വേണ്ട ഗിയറുകള്‍ മിനിമലായി മാത്രമെ എന്റെ കയ്യിലുള്ളു. ജനുവരി പതിനെട്ടാം തീയതി എന്റെ അപ്പൻ അബുദാബിക്ക് പോയി. അതിന് മുമ്പ് അദ്ദേഹം എന്നോട് പറഞ്ഞ് റൈഡിന് ഒന്നും പോകരുതെന്നും താൻ നാട്ടിലുണ്ടാവില്ലെന്നും പറഞ്ഞു.
ഞാൻ അതൊന്നും കാര്യമാക്കാതെ 26-ാം തിയ്യതി റൈഡിന് പോയി. 28 റൈഡേഴ്സുണ്ടായിരുന്നു. പതിനേഴ് ലക്ഷം മുതല്‍ 70 ലക്ഷം രൂപ വില വരുന്ന ബൈക്കുകള്‍ റൈഡില്‍ ഉണ്ടായിരുന്നു. കൊച്ചിയില്‍ നിന്നും കുട്ടിക്കാനത്തേക്കുള്ള റൈഡ് നല്ല രസമായിരുന്നു. ഞാനും ത്രില്ലിലായിരുന്നു. എനിക്കൊപ്പം ഉണ്ടായിരുന്നവർ ഏറെയും മുതിർന്നവർ ആയിരുന്നു. ഞാൻ ശരീരത്തിന് ആവശ്യമായ പ്രോപ്പർ ഗിയറുകള്‍ ധരിച്ചിരുന്നില്ല.
ഒരു ജീൻസും ഹുഡിയും ഹെല്‍മറ്റും ഗ്ലൗസും മാത്രമായിരുന്നു എന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. പ്രോപ്പർ ഗിയറുകള്‍ ധരിക്കാത്തതുകൊണ്ട് ഞാൻ വലിയ വില കൊടുക്കേണ്ടി വരുമെന്ന് എനിക്ക് അപ്പോള്‍ അറിയില്ലായിരുന്നു. മൂന്ന്, നാല് ടീമായി തിരിഞ്ഞാണ് പോയത്. കുട്ടിക്കാനത്ത് എത്തി. അവിടെ വെച്ച് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. ഫസ്റ്റ് റൈഡായതുകൊണ്ട് ആരെയും പരിചയമില്ലായിരുന്നു. അവിടെ വെച്ച് എല്ലാവരേയും ഞാൻ പരിചയപ്പെട്ടു.
അക്കൂട്ടത്തില്‍ സീനിയറായ ഒരാള്‍ പ്രോപ്പർ ഗിയറുകള്‍ ധരിക്കണമെന്നും എങ്കില്‍ മാത്രമെ അടുത്ത റൈഡ് മുതല്‍ പങ്കെടുപ്പിക്കുവെന്നും പറഞ്ഞു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ തിരികെ നാട്ടിലേക്ക് പുറപ്പെട്ടു. അങ്കമാലിയിലേക്കുള്ള റൂട്ടാണ് തിരിച്ച് വരുമ്പോള്‍ പിടിച്ചത്. അതിനിടയില്‍ എന്റെ ബൈക്കിന്റെ ബാക്ക് ടയർ സ്ലിപ്പാകുന്നതായി തോന്നി. റാഷ് ഡ്രൈവ് ഞാൻ ചെയ്യാറില്ല. കരിയറിന് വളരെ അധികം പ്രാധാന്യം കൊടുക്കുന്നതിനേക്കാള്‍ ടുവീലറില്‍ റിസ്ക്ക് എടുക്കാൻ ഞാൻ നില്‍ക്കാറില്ല.
നേര്യമംഗലം ചെക്ക് പോസ്റ്റിന്റെ ഭാഗമെത്തിയപ്പോള്‍ സ്കൂട്ടറില്‍ പോവുകയായിരുന്ന ഒരാള്‍ പെട്ടന്ന് വലത് വശത്തേക്ക് വാഹനം തിരിച്ചു. അവിടെ അപ്പോള്‍ സംഭവിച്ചത് എനിക്ക് ഓർമയില്ല. ഞാൻ പറന്ന് പോയി. വീണിടത്ത് നിന്ന് എഴുന്നേറ്റ് ഇരുന്ന് നോക്കിയപ്പോള്‍ ഇടത് കൈപത്തി ഒടിഞ്ഞ് തൂങ്ങി കിടക്കുന്നതായി കണ്ടു. ഉടനെ മറ്റ് റൈജഡേഴ്സ് വന്ന് എന്നെ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചു. അപകടം സംഭവിച്ചപ്പോഴും ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായിരുന്നു. എന്നെ കൈക്കുമ്പിളില്‍ താങ്ങിയതുപോലെ.
മേജർ ആക്സിഡന്റ് ആയിരുന്നുവെങ്കിലും പരിക്കുകള്‍ കുറവായിരുന്നു. ഞാൻ തെറിച്ച് വീണ സമയത്ത് കാറോ ബസ്സോ എന്തെങ്കിലും വന്നിരുന്നുവെങ്കില്‍ എന്റെ കാര്യത്തില്‍ തീരുമാനമാകുമായിരുന്നു. വീട്ടില്‍ അറിയിച്ചു. ആലുവ രാജഗിരി ആശുപത്രിയിലേക്ക് എന്നെ ഷിഫ്റ്റ് ചെയ്തു. ആംബുലൻസില്‍ ആദ്യമായി അന്നാണ് ഞാൻ കയറിയത്. അപകടത്തിന്റെ ഇംപാക്ട് തൊണ്ണൂറ് ശതമാനവും എന്റെ ഇടത് കൈയ്ക്കാണ് കിട്ടിയത്. റേഡിയസ്, അള്‍ന എന്നീ രണ്ട് എല്ലുകളും ഒടിഞ്ഞു. പെയിൻ കില്ലർ എടുത്തിട്ടും മരണ വേദന ഞാൻ അനുഭവിച്ചു. കണ്ണില്‍ നിന്നും പൊന്നീച്ച പാറി.
സർജൻ ഉണ്ടായിരുന്നതുകൊണ്ട് അപകടം നടന്ന രാത്രി തന്നെ സർജറി നടന്നു. കൈയ്ക്ക് മള്‍ട്ടിപ്പിള്‍ ഫ്രാക്ചർ ആയിരുന്നു. കൂടാതെ സെഗ്മെന്റല്‍ ഫ്രാക്ചറും. രണ്ട് കയ്യിലും കാസ്റ്റിട്ടു. കാലില്‍ കാനുലയിടാൻ കഴിയാത്തതുകൊണ്ട് കഴുത്തിലാണ് ഇട്ടത്. സിനിമ സ്വപ്നം കണ്ട് നടക്കുന്ന എന്നെപ്പോലൊരാളുടെ പ്രധാന ടൂള്‍ ശരീരമാണ്. അതുകൊണ്ട് തന്നെ പരിക്ക് കണ്ടപ്പോള്‍ എനിക്ക് വിഷമം വന്ന് തുടങ്ങി. വെളുപ്പിനാണ് സർജറി കഴിഞ്ഞത്. പത്ത്, പന്ത്രണ്ട് പ്രാവശ്യം ഛർദ്ദിച്ചു.
പോരാത്തതിന് വല്ലാത്ത വേദനയും. പിന്നീട് അങ്ങോട്ട് കുറച്ച് നാള് ആശുപത്രി ജീവിതമായിരുന്നു. അറുപത് എണ്‍പതോളം സ്റ്റിച്ചുണ്ടായിരുന്നു. ആദ്യത്തെ രണ്ട് ദിവസം എന്ത് ചെയ്താലും ഛർദ്ദിയായിരുന്നു. ഒരുപാട് വേദന സഹിച്ചു. എന്റെ ഈശോയെ എന്ന് മാത്രമെ എന്റെ വായില്‍ നിന്നും വരുന്നുണ്ടായിരുള്ളൂ...’’ എന്നാണ് ഗബ്രി വീഡിയോയില്‍ പറയുന്നത്.
മുന്‍പ് പങ്കിട്ട വീഡിയോയില്‍ പഴയ ഗബ്രിയെ ഇനി നിങ്ങൾക്ക് കാണാനാവില്ലെന്നും തന്റെ കാഴ്ചപ്പാടും ചിന്തകളും മാറിയെന്നും മുമ്പ് താന്‍ അഹങ്കാരിയായിരുന്നെന്നും ദേഷ്യപ്പെടുമായിരുന്നെന്നും ഗബ്രി പറഞ്ഞു. ഇപ്പോൾ അതെല്ലാം മാറിയെന്നും ദൈവത്തോട് അടുത്തുവെന്നും ഗബ്രി പറഞ്ഞിരുന്നു.






