
ഷാരൂഖ് ഖാന്റെ നിര്‍മ്മാണത്തില്‍ നെറ്റ്ഫ്ളിക്സിലൂടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ' കര്‍ത്തവ്യ'. മുംബൈയില്‍ നടന്ന ഈ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ, ഷാരൂഖ് ഖാന് എന്ന നിര്‍മ്മാതാവിന്റെ വേറിട്ട ശൈലിയെക്കുറിച്ച് ചിത്രത്തിലെ നായകനും ഷാരൂഖിന്റെ സുഹൃത്തുമായ സെയ്ഫ് അലി ഖാന് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
ഷാരുഖ് ഖാനുമായുളള ഒരു ചെറിയ കൂടിക്കാഴ്ചയിലൂടെയാണ് താന്‍ ഈ പ്രൊജക്ടിലേക്ക് എത്തിയതെന്ന് സെയ്ഫ് അലി ഖാന് പറയുന്നു. ഒരു നല്ല തിരക്കഥയുണ്ടെന്നും അത് കേള്‍ക്കണമെന്നും ഷാരുഖ് ആവശ്യപ്പെട്ടു. കഥ കേള്‍ക്കുകയും സംവിധായകന് പുല്‍കിതിനെ കാണുകയും ചെയ്തു. ഷൂട്ടിങ് കഴിഞ്ഞതിന് ശേഷം ഷാരുഖ് സിനിമ കാണുകയും അദ്ദേഹത്തിന് അത് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു.
നിര്‍മാതാവുമായുളള തന്റെ ഇടപെടല്‍ അത്ര മാത്രമായിരുന്നുവെന്ന് സെയ്ഫ് പറഞ്ഞു. സിനിമയുടെ നിർമാണ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്ന ഒരു വ്യക്തിയല്ല ഷാരുഖ് ഖാൻ എന്നും സെയ്ഫ് പറഞ്ഞു. ചിത്രത്തിന്റെ സെറ്റുകളിൽ അദ്ദേഹം ഒരിക്കൽ പോലും വന്നിരുന്നില്ല.
സംവിധായകർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനും അവർക്ക് ആവശ്യമുള്ള രീതിയിൽ സിനിമ നിർമിക്കാനുമുള്ള പൂർണ സ്വാതന്ത്ര്യം നൽകുന്ന നിർമാതാക്കളിൽ ഒരാളാണ് അദ്ദേഹം. തന്റെ സാന്നിധ്യം ചിലപ്പോൾ മറ്റുള്ളവർക്ക് അമിത സമ്മർദ്ദം ഉണ്ടാക്കിയേക്കാം എന്ന് അദ്ദേഹം മനസ്സിലാക്കുന്നു.
അതുകൊണ്ട് തന്നെ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ സിനിമ ചെയ്യാനുള്ള അവസരം അദ്ദേഹം നൽകിയെന്നും, ദൈനംദിന ഇടപെടലുകൾ ഇല്ലാതെ തന്നെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഉൾക്കൊണ്ട് സിനിമ ചെയ്യാൻ സാധിച്ചുവെന്നും സെയ്ഫ് കൂട്ടിച്ചേർത്തു.
റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഗൗരി ഖാന് നിര്‍മിച്ച് പുല്‍കിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കര്‍ത്തവ്യ. രസിക ദുഗല്‍, സഞ്ജയ് മിശ്ര, സാക്കിര്‍ ഹുസൈന്, മനീഷ് ചൗധരി, സൗരഭ് ദ്വിവേദി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മെയ് 15ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.






