രജനികാന്ത് നായകനാവുന്ന പുതിയ ചിത്രം ജയിലര്‍ 2ന്റെ സെറ്റില്‍ ക്രൂ അംഗം വൈദ്യുതാഘാതമേറ്റു മരിച്ചു. ചെന്നൈയിലെ പനയൂരിലെ സ്റ്റുഡിയോയിലെ ഫിലി സെറ്റിലുണ്ടായ അപകടത്തില്‍ കാര്ത്തികേയന് ( 28) ആണ് മരിച്ചത്.
ആര്‍ട്ട് വര്‍ക്ക് ചെയ്യുന്നതിനിടെ ശക്തമായി വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ കാനത്തുര്‍ പോലീസ് കേസെടുത്തു. കാര്‍ത്തികേയനു വൈദ്യുതാഘാതമേല്ക്കാന് ഇടയായ സാഹചര്യത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലര്‍ 2. 2023ലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ജയിലറിന്റെ രണ്ടാം ഭാഗമാണിത്. കഴിഞ്ഞവര്‍ഷം മുതലാണ് ജയിലര്‍ 2ന്റെ ചിത്രീകരണം ആരംഭിച്ചത്. രമ്യ കൃഷ്ണന്, ശിവ രാജ്കുമാര്, മോഹന്‍ലാല്‍, മിഥുന് ചക്രവര്‍ത്തി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.






