
ബെംഗളൂരുവിലെ മദനനായകനഹള്ളി പോലീസ് സ്റ്റേഷനില്‍ പോലീസിനെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ വിചിത്രമായ ഒരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത രാമു എന്ന യുവാവ് ലോക്കപ്പിന്റെ താക്കോല്‍ വിഴുങ്ങിയ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം ചര്‍ച്ചയാകുന്നത്. പോക്സോ നിയമപ്രകാരം നടപടിയുണ്ടാകുമെന്ന് ഭയന്ന യുവാവ് പരിഭ്രാന്തനായാണ് ഈ സാഹസത്തിന് മുതിര്‍ന്നത്. ഇതോടെ അന്വേഷണം വഴിമുട്ടുകയും പ്രതിയുടെ ജീവന് രക്ഷിക്കാനായി പോലീസ് നെട്ടോട്ടമോടുകയും ചെയ്തു.
താക്കോല്‍ വിഴുങ്ങിയ ഉടന്‍ തന്നെ പോലീസ് യുവാവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയ ഒഴിവാക്കി താക്കോല്‍ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ വേറിട്ടൊരു പരീക്ഷണമാണ് നടത്തിയത്. ഇയാള്‍ക്ക് ഏകദേശം 10 കിലോ നേന്ത്രപ്പഴം കഴിക്കാന്‍ നല്‍കുകയായിരുന്നു. പഴം കഴിച്ച് മൂന്നാം ദിവസം താക്കോല്‍ സ്വാഭാവികമായ രീതിയില്‍ പുറത്തുവന്നു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.
ആശുപത്രിയില്‍ നിന്നിറങ്ങിയ രാമുവിനെതിരെ ആത്മഹത്യാശ്രമത്തിന് പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവബഹുലമായ ഈ നാടകങ്ങള്‍ക്കിടയിലും കാണാതായ 17 വയസ്സുകാരിയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. വിചിത്രമായ രീതിയില്‍ താക്കോല്‍ വിഴുങ്ങുകയും പിന്നീട് നേന്ത്രപ്പഴം കഴിപ്പിച്ച് അത് പുറത്തെടുക്കുകയും ചെയ്ത ഈ വാര്‍ത്ത ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.






