
സാധാരണയായി ഉയരം ഒരു അനുഗ്രഹമായാണ് പലരും കാണാറുള്ളതെങ്കിലും ഹൈദരാബാദ് സ്വദേശിയായ അമീന് അഹമ്മദ് അന്‍സാരിക്ക് തന്റെ ആറടി ആറിഞ്ച് ഉയരം ജോലിയില്‍ വലിയ വില്ലനായിരുന്നു. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായിരുന്ന അന്‍സാരിക്ക് ബസിനുള്ളിലെ ഇടുങ്ങിയ ഇടനാഴിയിലൂടെ തല കുനിക്കാതെ നടക്കാന്‍ കഴിയുമായിരുന്നില്ല. ബസിന്റെ മേല്‍ക്കൂരയില്‍ എപ്പോഴും തല തട്ടുന്നതിനാല്‍ ജോലിസമയമത്രയും കുനിഞ്ഞു നില്‍ക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ ജീവിതം ദുസ്സഹമാക്കി.
ദീര്‍ഘകാലം ഇത്തരത്തില്‍ ജോലി ചെയ്തതോടെ അന്‍സാരിക്ക് കഠിനമായ കഴുത്തുവേദനയും നടുവേദനയും അനുഭവപ്പെട്ടു തുടങ്ങി. ശാരീരിക അസ്വസ്ഥതകള്‍ക്ക് പുറമെ ഉറക്കമില്ലായ്മയും അദ്ദേഹത്തെ അലട്ടിയിരുന്നു. ബസിനുള്ളിലെ പരിമിതമായ സ്ഥലം തന്റെ ഉയരത്തിന് ഒട്ടും അനുയോജ്യമല്ലെന്ന് തിരിച്ചറിഞ്ഞ അന്‍സാരിയുടെ ദുരിതാവസ്ഥ സോഷ്യല്‍ മീഡിയയിലൂടെ പുറംലോകമറിഞ്ഞു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വിഷയത്തില്‍ നേരിട്ട് ഇടപെടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
മുമ്പ് അന്‍സാരിയുടെ ഉയരം കണക്കിലെടുത്ത് ഒരു വര്‍ഷത്തേക്ക് മറ്റ് ഡ്യൂട്ടികള്‍ നല്‍കിയിരുന്നുവെങ്കിലും ഏപ്രില്‍ 28ന് കാലാവധി അവസാനിച്ചതോടെ അദ്ദേഹം വീണ്ടും ബസിലെ ജോലിയിലേക്ക് മടങ്ങേണ്ടി വന്നു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ വീണ്ടും രൂക്ഷമായതോടെ അധികൃതര്‍ അടിയന്തരമായി ഇടപെട്ടു. മെയ് അഞ്ചിന് മുഷീറാബാദിലെ കോര്പ്പറേഷന് ആസ്ഥാനത്തുനിന്ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം, ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലാത്ത രീതിയിലുള്ള 'ഔട്ട് ഓഫ് ഡെസിഗ്നേഷന്‍' ഡ്യൂട്ടിയില്‍ തുടരാന്‍ അദ്ദേഹത്തിന് അനുമതി ലഭിച്ചു.
പുതിയ നിര്‍ദ്ദേശം അനുസരിച്ച് ബസ് പാസ് സെക്ഷനിലോ മറ്റ് ഓഫീസ് വിഭാഗങ്ങളിലോ ആയിരിക്കും അന്‍സാരിക്ക് ഇനി നിയമനം ലഭിക്കുക. ഉയരം കാരണം അനുഭവിച്ച കടുത്ത ശാരീരിക വേദനകളില്‍ നിന്നും മാനസിക വിഷമത്തില്‍ നിന്നും എന്നന്നേക്കുമായി മോചനം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് അന്‍സാരിയിപ്പോള്‍. സര്‍ക്കാരിന്റെയും വകുപ്പിന്റെയും കരുതലിന് അദ്ദേഹം നന്ദി പറയുകയും ചെയ്യുന്നു.






