
നെടുമ്പാശേരി: പശ്‌ചിമേഷ്യയിലെ പ്രതിസന്ധികള്‍ക്കിടയിലും കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍) കാര്‍ഗോ മേഖലയില്‍ സുശക്‌തമായ വളര്‍ച്ച കൈവരിച്ചു. ഗള്‍ഫ് മേഖലയിലേക്കുള്ള കയറ്റുമതി സുഗമമാക്കാന്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ ഫലം കണ്ടതോടെ 10 ശതമാനം വര്‍ധനയാണ് ഈ സാമ്പത്തിക വര്‍ഷം സിയാല്‍ കൈവരിച്ചത്. 2025 - 26 സാമ്പത്തിക വര്‍ഷത്തില്‍ സിയാല്‍ 72,178 മെട്രിക് ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്‌തു. ഇതില്‍ 76 ശതമാനത്തോളം അന്താരാഷ്‌ട്ര കാര്‍ഗോയാണ്. മുന്‍വര്‍ഷത്തേക്കാള്‍ ഏകദേശം 10 ശതമാനം വളര്‍ച്ചയാണ് ഇതിലൂടെ രേഖപ്പെടുത്തിയത്. ഇതോടെ കാര്‍ഗോ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 52.84 കോടി രൂപയായി ഉയര്‍ന്നു. ആഗോള വ്യോമ ചരക്ക് മേഖല പ്രതിസന്ധി നേരിട്ട സമയത്തും കൈവരിച്ച ഈ വളര്‍ച്ച, അന്താരാഷ്‌ട്ര-പ്രാദേശിക കാര്‍ഗോ ശൃംഖലകളിലെ സിയാലിന്റെ വര്‍ധിച്ചുവരുന്ന പ്രാധാന്യത്തെ വ്യക്‌തമാക്കുന്നതാണ്.
കാര്‍ഗോ ഗതാഗതവും ലോജിസ്‌റ്റിക്‌സ് ശൃംഖലയും കൂടുതല്‍ ശക്‌തിപ്പെടുത്തുന്നതിനായി സിയാല്‍ പ്രത്യേക ഡെഡിക്കേറ്റഡ് ട്രക്കിംഗ് സെന്റര്‍ ആരംഭിച്ചു. ദീര്‍ഘദൂര-ഹ്രസ്വദൂര കാര്‍ഗോ ട്രക്കുകള്‍ക്കായി പ്രത്യേക പാര്‍ക്കിംഗ്, മൂവ്‌മെന്റ് ഏരിയകള്‍, ൈഡ്രവര്‍മാര്‍ക്കുള്ള സൗകര്യങ്ങള്‍, വാഹന പാര്‍ക്കിംഗ് മേഖലകള്‍ എന്നിവയടങ്ങിയ ഈ കേന്ദ്രം ചരക്ക് ഗതാഗതത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കും. ഈ വര്‍ഷം സിയാലിന്റെ കാര്‍ഗോ അടിസ്‌ഥാന സൗകര്യ വികസനത്തിലും വലിയ മുന്നേറ്റമുണ്ടായി. എക്‌സ്‌പോര്‍ട്ട് കാര്‍ഗോ വെയര്‍ഹൗസ് വികസിപ്പിച്ചതോടെ വാര്‍ഷിക കാര്‍ഗോ കൈകാര്യം ശേഷി 1,25,000 മെട്രിക് ടണ്‍ ആയി ഉയര്‍ന്നു. അത്യാധുനിക സ്‌ക്രീനിംഗ് സംവിധാനങ്ങള്‍, കോള്‍ഡ്-ചെയിന്‍ സൗകര്യങ്ങള്‍, അപകടകാരികളായ ചരക്കുകള്‍ക്കും റേഡിയോ ആക്‌റ്റീവ് വസ്‌തുക്കള്‍ക്കും പ്രത്യേക ഹാന്‍ഡ്‌ലിങ് മേഖലകള്‍, ഉയര്‍ന്ന മൂല്യമുള്ള ചരക്കുകള്‍ക്കായുള്ള സുരക്ഷിത സംഭരണ സൗകര്യങ്ങള്‍ എന്നിവയും ഇതിന്റെ ഭാഗമായി സജ്‌ജീകരിച്ചിട്ടുണ്ട്. ഏകദേശം 2.5 ലക്ഷം ചതുരശ്ര അടി വിസ്‌തൃതിയിലുള്ള കാര്‍ഗോ വെയര്‍ഹൗസ് സൗകര്യങ്ങളാണ് സിയാലിനുള്ളത്. കേരളത്തിലെ വ്യോമ ചരക്ക് ഗതാഗതത്തിന്റെ വലിയൊരു വിഹിതം സിയാലിലൂടെയാണ് നടക്കുന്നത്. പശ്‌ചിമേഷ്യന്‍ പ്രതിസന്ധിക്കാലത്ത് സിയാല്‍ ശ്രദ്ധേയമായ പ്രവര്‍ത്തന മികവാണ് കാഴ്‌ച വച്ചത്. 2026 മാര്‍ച്ച്‌ഏപ്രില്‍ മാസങ്ങളില്‍ കൊച്ചി - ഗള്‍ഫ് റൂട്ടുകളില്‍ 11 നോണ്‍-ഷെഡ്യൂള്‍ഡ് കാര്‍ഗോ ൈഫ്രറ്റര്‍ സര്‍വീസുകള്‍ സിയാല്‍ വിജയകരമായി കൈകാര്യം ചെയ്‌തു. ഈ പ്രത്യേക ചരക്ക് സര്‍വീസുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി സിയാലിന്റെ കസ്‌റ്റമര്‍ സര്‍വീസസ് കാര്‍ഗോ (സി.എസ്.സി) വിഭാഗം പ്രത്യേക റാപിഡ് റെസ്‌പോണ്‍സ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു.
ഇത്തിഹാദ് എയര്‍വേയ്‌സ്, നാഷണല്‍ എയര്‍ലൈന്‍സ്, സോലിറ്റ് എയര്‍ ഏവിയേഷന്‍ സര്‍വീസസ്, എസ്.എം.ബി ൈപ്രവറ്റ് കാര്‍ഗോ ചാര്‍ട്ടേഴ്‌സ്, ഫ്‌ലൈ വായു, എമിറേറ്റ്‌സ്, കുവൈറ്റ് എയര്‍വേയ്‌സ്, ഗള്‍ഫ് എയര്‍, മാല്‍ഡീവിയന്‍, സൗദിയ, എയര്‍ അറേബ്യ, ജസീറ എയര്‍വേയ്‌സ് തുടങ്ങിയ വിമാനക്കമ്പനികളാണ് ഈ കാലയളവില്‍ പ്രത്യേക കാര്‍ഗോ സര്‍വീസുകള്‍ നടത്തിയത്. കാര്‍ഗോ മേഖലയിലെ വളര്‍ച്ചയ്‌ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നതിനായി ഫിക്കിയുമായി സഹകരിച്ച് സിയാല്‍ ഇന്റര്‍നാഷണല്‍ കാര്‍ഗോ ബിസിനസ് സമ്മിറ്റ് 2026 സംഘടിപ്പിച്ചിരുന്നു. ഭാവിയിലെ സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ട് ദക്ഷിണേന്ത്യയിലെ മികച്ച എയര്‍ കാര്‍ഗോ-ലോജിസ്‌റ്റിക്‌സ് കവാടമായി സിയാല്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. അടിസ്‌ഥാന സൗകര്യ വികസനം, ഡിജിറ്റല്‍ കാര്‍ഗോ മാനേജ്‌മെന്റ് സംവിധാനങ്ങള്‍, മള്‍ട്ടിമോഡല്‍ കണക്‌റ്റിവിറ്റി എന്നിവ ശക്‌തിപ്പെടുത്തുന്നതിലൂടെ കയറ്റുമതിക്കാര്‍ക്കും വ്യവസായങ്ങള്‍ക്കും ഇ-കൊമേഴ്‌സ് മേഖലക്കും കൂടുതല്‍ സുഗമമായ ചരക്ക് ഗതാഗത ശൃംഖല ഒരുക്കുകയാണ് ലക്ഷ്യം, കാര്‍ഗോ പ്രവര്‍ത്തനങ്ങളിലെ വളര്‍ച്ചയെക്കുറിച്ച് സംസാരിക്കവെ സിയാല്‍ മാനേജിങ് ഡയറക്‌ടര്‍ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു. ഫാര്‍മസ്യൂട്ടിക്കല്‍ കാര്‍ഗോ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിനും താപനില നിയന്ത്രണം ആവശ്യമായതും അതിവേഗ കൈമാറ്റം നിര്‍ണായകവുമായ ചരക്കുകള്‍ക്കായുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനുമായി സിയാല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.






