
ലഖ്നൗ: 1,110 ദിവസത്തിനുശേഷം സൂപ്പര്‍താരം വിരാട് കോഹ്ലി ഐ.പി.എലില്‍ സംപൂജ്യന്‍. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ പോരാട്ടത്തിലാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളുരു (ആര്.സി.ബി) താരമായ മുന്‍ ഇന്ത്യന്‍ നായകന് സുദീര്‍ഘമായ ഇടവേളയ്ക്കുശേഷം അക്കൗണ്ട് തുറക്കാതെ കൂടാരം കയറിയത്.
ലഖ്നൗവിലെ ഏകനാ സ്റ്റേഡിയത്തില്‍ യുവപേസര്‍ പ്രിന്‍സ് യാദവിന്റെ വെടിയുണ്ട കിങ് കോഹ്ലിയെ വീഴ്ത്തി. ബംഗളുരു ഓപ്പണറായെത്തി നേരിട്ട രണ്ടാം പന്തില്‍ കോഹ്ലി വീണു. 140.4 കിലോമീറ്റര്‍ വേഗത്തിലെത്തിയ പന്ത് കോഹ്ലിയുടെ പ്രതിരോധം തകര്‍ത്ത് ഓഫ് സ്റ്റമ്പ് പിഴുതു. കോഹ്ലി അവിശ്വസനീയതയോടെ സ്തബ്ധനായി നില്‍ക്കെ ബൗളര്‍ ആഹ്ളാദത്തിമിര്‍പ്പില്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നുചാടി. രണ്ടു ദശകത്തോളമായി ഐ.പി.എലിലെ റണ്‍ മെഷീനായി 9,000-ല്‍ അധികം റണ്ണടിച്ച കോഹ്ലിയെ കൂടാരം കയറ്റിയത് പ്രിന്‍സിനെ സെലക്ടര്‍മാരുടെ കണ്ണില്പ്പെടുത്തുമെന്നുറപ്പ്. 'ടൂര്‍ണമെന്റിലെ പന്ത്' എന്നായിരുന്നു ക്രിക്കറ്റ് വിദഗ്ധര്‍ കോഹ്ലിയെ പുറത്താക്കിയ പ്രകടനത്തെ സവിശേഷിപ്പിച്ചത്.
2023 ഏപ്രിലിലായിരുന്നു ഇതിനുമുമ്പ് കോഹ്ലി ഐ.പി.എലില്‍ അക്കൗണ്ട് തുറക്കാതെ മടങ്ങിയത്. രാജസ്ഥാന് റോയല്‍സ് പേസര്‍ ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടായിരുന്നു അന്നു ബൗളര്‍. 2008-ല്‍ ഐ.പി.എലില്‍ അരങ്ങേറിയ കോഹ്ലി 277 മത്സരങ്ങളില്‍നിന്ന് ആകെ 9040 റണ്‍ സ്വന്തമാക്കി. എട്ടു സെഞ്ചുറിയും 66 അര്‍ധസെഞ്ചുറിയും അക്കൗണ്ടിലുണ്ട്.
ഐ.പി.എലിലെ 269 ഇന്നിങ്സില്‍ കോഹ്ലി 'ഡക്കി'നു പുറത്തായത് 11 വട്ടം. അതില്‍ത്തന്നെ ആറെണ്ണം 2014, 2022 സീസണുകളിലായിരുന്നു. മൂന്നുതവണവീതമാണ് ഈ രണ്ടു വര്‍ഷങ്ങളിലും കോഹ്ലിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കാതിരുന്നത്. ശേഷിച്ച അഞ്ച് 'ഡക്കുകള്‍' 2008, 2016, 2017, 2023, 2026 സീസണുകളിലാണ്.





