
രാഷ്ട്രീയവും സര്‍ക്കാര്‍സേവനവും രാഷ്ട്രസേവനത്തിന്റെ ഭാഗം കൂടിയാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും അധികാരത്തിലിരിക്കുന്നവര്‍ക്കും സര്‍ക്കാര്‍ പദവികളിലിരിക്കുന്നവര്‍ക്കും രാജ്യത്തോടും ജനങ്ങളോടും കടപ്പാടും പ്രതിബദ്ധതയുമുണ്ട്. കേരളം വലിയൊരു വിപത്തിന്റെ വക്കില്‍ നിലകൊള്ളുമ്പോള്‍ അതിനെ പ്രതിരോധിക്കാന്കൂടി കടപ്പെട്ടവരാണ് ഇവരൊക്കെ. ഈ കടമ നിറവേറ്റേണ്ടവര്ക്ക് അതു നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുമ്പോഴാണു സംവിധാനങ്ങള്‍ പരാജയപ്പെടുന്നത്.
മയക്കുമരുന്ന്-ലഹരി മാഫിയ കേരളത്തെ അപകടകരമാം വിധം കീഴ്പ്പെടുത്തിത്തുടങ്ങിയിട്ടു വര്‍ഷങ്ങളായി. ലഹരിയൊഴുക്ക് അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്ന സമയമാണ് ഇതെന്ന് എക്സൈസും പോലീസും പിടിച്ചെടുക്കുന്ന ലഹരിയുടെ അളവും കടത്തുകാരുടെ ബാഹുല്യവും വ്യക്തമാക്കുന്നു.
മൂന്നാഴ്ച മുമ്പാണ് കോഴിക്കോട് പന്തീരാങ്കാവ് ടോള്‍ പ്ലാസയ്ക്കു സമീപത്തു സംസ്ഥാനത്തെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കാവുന്ന ലഹരിവേട്ട നടന്നത്. മൂന്നരക്കോടിയിലേറെ രൂപ വിലമുതിക്കുന്ന മൂന്നരക്കിലോയോളം മെത്താംഫിറ്റമിനും 56 ഗ്രാം എം.ഡി.എം.എയുമാണ് പിടികൂടിയത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സറായ യുവതിയും സ്ഥിരം മയക്കുമരുന്നു കടത്തുകാരനുമാണ് അന്ന് അറസ്റ്റിലായത്.
ഈ സംഭവത്തിനു രണ്ടാഴ്ച മുമ്പാണ് കോഴിക്കോട് മുക്കത്ത് രണ്ടേമുക്കാല്‍ കിലോയോളം വരുന്ന എം.ഡി.എം.എയുമായി ഒരു സ്ത്രീയും പുരുഷനും പിടിയിലാകുന്നത്. ഇതിന് മൂന്നുകോടിയോളം വിലമതിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഇത് കഴിഞ്ഞ മാസത്തെ രണ്ടു ദിവസത്തെ ഏറ്റവും വലിയ സംഭവങ്ങള്മാത്രമാണ്. ഇതിനിടയില്‍ ചെറുതും വലുതുമായ നിരവധി മയക്കുമരുന്നു കേസുകളാണ് പോലീസും എക്സൈസും ചേര്ന്നുപിടികൂടുന്നത്. പിടികൂടുന്നതിന്റെ എത്രയോ ഇരട്ടിയാണ് പിടികൂടാതെ കടന്നുപോകുന്നതെന്നു തിരിച്ചറിയുമ്പോഴാണ് നമ്മുടെ നാടിനെ പിടികൂടിയിരിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി എത്ര വലുതാണെന്നു തിരിച്ചറിയുന്നത്. പിടിയിലാകുന്നത് കടന്നുപോകുന്നതിന്റെ വളരെ ചെറിയൊരു ശതമാനംമാത്രമാണ്.
ഇതിന്റെ ഉപഭോക്താക്കളാരെന്നുകൂടി നോക്കുമ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിയാനാകുന്നത്. നമ്മുടെ കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും വേണ്ടിയാണ് ഈ ലഹരിയൊഴുക്കെന്നു സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം 25നാണ് കണ്ണൂര്‍ കേളകത്ത് ലഹരിക്കടിമപ്പെട്ട യുവാവ് അമ്മയെ കഴുത്തറുത്ത് കൊന്നത്. അന്‍പതുകാരിയായ ഗീതമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഇരുപത്തഞ്ചുകാരനായ മകന് ക്രിസ്റ്റിയെ അറസ്റ്റ് ചെയ്ത പോലീസ് നടത്തിയ വെളിപ്പെടുത്തല്‍ മയക്കുമരുന്നിന്റെ വ്യാപനത്തെക്കുറിച്ചുള്ള ശക്തമായ താക്കീതാണ്. ക്രിസ്റ്റി ലഹരിക്കടിമയും അച്ഛനെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ആളുമാണെന്നായിരുന്നു പോലീസ് വെളിപ്പെടുത്തിയത്. പാലക്കാട്ട് ലഹരിക്കടിമയായ മകന് അച്ഛനെ മര്‍ദിച്ച് കൊലപ്പെടുത്തിയിട്ട് അധിക നാളുകളായില്ല. ആലപ്പുഴ മുതുകുളത്തു ലഹരിക്ക് അടിമയായ മകന് അച്ഛനെ വെട്ടിക്കൊലപ്പെടുത്തി അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ചത് ഏതാനും മാസങ്ങള്‍ക്കു മുമ്പുമാത്രമാണ്. അന്പത്തിമൂന്നുകാരിയായ അമ്മ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാകുകയും ചെയ്തു. വാര്‍ധക്യത്തില്‍ താങ്ങും തണലുമാകേണ്ട കുട്ടികളാണ് കൗമാരാവസ്ഥയില്‍ തന്നെ ലഹരിക്ക് അടിമയായി നാടിനും വീടിനും കൊള്ളാത്തവരായി മാറുന്നത്.
ആലുവയിലാകട്ടെ ലഹരിബാധിതനായ മുപ്പതുകാരനായ മകനെതിരേ നിവൃത്തികെട്ടാണ് പോലീസ് സ്റ്റേഷനിലെത്തുന്നത്. മകന് ലഹരിക്കടിപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് ആലുവ ഈസ്റ്റ് പോലീസില്‍ പരാതിയുമായെത്തുന്നത്. കോഴിക്കോട്ട് ലഹരിക്കടിമയായ മകനെ പിതാവ് കുത്തിവീഴ്ത്തിയതും സമീപകാലത്താണ്. ഈ സൂചിപ്പിച്ചതെല്ലാം മയക്കുമരുന്നടിമകളായി ഉണ്ടാകുന്ന ഏതാനും ചില ഗാര്‍ഹിക കുറ്റകൃത്യങ്ങളാണ്. ഇതിലും എത്രയോ വലുതാണ് സമൂഹത്തില്‍ മദ്യവും മയക്കുമരുന്നും മൂലം ഒരു തലമുറ എല്ലാ പരിധിയും വിട്ട് അഴിഞ്ഞാടുന്നത്.
ഒരു കൂട്ടം മദ്യപരില്നിന്നു രക്ഷപ്പെടാനായി കഴിഞ്ഞ അഞ്ചിനു രാത്രി 9നു പരിപൂര്‍ണ നഗ്നയായി ഒരു യുവതിക്കു കൊച്ചിയില്‍ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയില്‍നിന്ന് ചാടിയോടേണ്ടി വന്ന ഗതികേട് ലഹരിശാപത്തിന്റെ ഏറ്റവും ഇങ്ങേയറ്റത്തേ കണ്ണിയായി നമുക്കു മുന്നിലുണ്ട്;അടുത്തത് വരും വരെ.
രാഷ്ട്രീയ നേതാക്കള്‍ താഴേത്തട്ടു മുതല്‍ ഏറ്റവും തലപ്പത്തു വരെയുള്ളവര്‍ ലഹരി പോലുള്ള ശാപത്തെ ന്യായീകരിക്കുന്നവരാകരുത്. മയക്കുമരുന്ന്, സ്ത്രീപീഡനം , അരാജകത്വം എന്നിവയുടെ 'ബ്രാന്‍ഡ് അംബാസഡര്‍'മാര്‍ക്ക് അധികാരവും ഔദ്യോഗിക കേന്ദ്രങ്ങളും കുട പിടിക്കുന്നത് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് തെറ്റായ മാതൃകകള്‍ നല്‍കും. കഞ്ചാവും മയക്കുമരുന്നും നല്ലതാണെന്നു പറയുന്ന വഴക്കങ്ങള്‍ മയക്കുമരുന്നിനു വഴിയൊരുക്കാനും മഹത്വവല്കരിക്കാനുമാണെന്നു തിരിച്ചറിവു ഭരിക്കുന്നവര്‍ക്കുണ്ടാകണം.






