
കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി കസേര എന്നത് ഒരു മ്യൂസിക്കല്‍ ചെയര്‍ കളിയല്ല. അതൊരു പ്രത്യേക തരം തപസാണ്. ക്ലിഫ് ഹൗസ് സിന്‍ഡ്രോം എന്ന് ലളിതമായി പറയാം. ആ തപസിലെ രണ്ട് വ്യത്യസ്ത ധാരകളായിരുന്നു രമേശ് ചെന്നിത്തലയും കെ. സി. വേണുഗോപാലും. രമേശ് ചെന്നിത്തല എന്നാല്‍ നിത്യഹരിത ഒരുക്കത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍. രാഷ്ട്രീയത്തില്‍ കാലാവസ്ഥ മാറിയാലും മാറാത്ത ചിലതുണ്ട്. അതിലൊന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹം. കെ.പി.സി.സി. പ്രസിഡന്റ്, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങി എല്ലാ പടവുകളും പയറ്റിത്തെളിഞ്ഞ ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതം ഒരു വലിയ വെയ്റ്റിങ് ലിസ്റ്റ് പോലെയാണ്. ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമ്പോഴൊക്കെ അദ്ദേഹം ഹരിപ്പാട് നിന്ന് തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നത് നെഞ്ചില്‍ കൈവച്ചല്ല, കൈകളില്‍ സത്യപ്രതിജ്ഞാ വാചകം ഒളിപ്പിച്ചാണ്. പണ്ടൊരിക്കല്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കൈയില്‍ കരുതിയ പേപ്പറില്‍ രമേശ് എന്ന് എഴുതിത്തുടങ്ങിയപ്പോഴേക്കും ഉമ്മന്‍ചാണ്ടി എന്ന മാന്ത്രികന് ജനപ്രിയതയുടെ കാറ്റ് വീശി ആ പേര് മായ്ച്ചു കളഞ്ഞിരുന്നു.
ഇത്തവണയും ചെന്നിത്തല ഒരുങ്ങിയിരുന്നു. ഒരിക്കല്‍ പാര്‍ട്ടിയുടെ ഒരു വലിയ തോല്‍വിയെത്തുടര്‍ന്നു പ്രതിപക്ഷ നേതാവ് സ്ഥാനം തട്ടിത്തെറിപ്പിക്കപ്പെട്ടതാണ്. അതിന് പിന്നിലെ അടവ് നയം പയറ്റിയ കെ.സി. വേണുഗോപാല്‍ അന്ന് വി.ഡി. സതീശന് പ്രതിപക്ഷ പട്ടം കൊടുത്തത് ഭാവിയിലെ തന്റെ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടും. കെ.സി. വേണുഗോപാല്‍ ഡല്‍ഹിയിലെ എ.ഐ.സി.സി. ഓഫീസിന്റെ ഇടനാഴികളിലൂടെ രാഹുല്‍ ഗാന്ധിയുടെ നിഴലായി നടന്നത് അഖിലേന്ത്യാ താരമെന്ന പരിവേഷത്തോടെ. പിണറായി ഭരണം യു.ഡി.എഫിന് സമ്മാനിച്ച വിജയത്തെ തുടര്‍ന്ന് കെ.സിയും ഒന്നു പയറ്റി.
കേരളം ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം പോലെ എളുപ്പത്തില്‍ കൈപ്പിടിയിലൊതുക്കാമെന്നായിരുന്നു കെ.സിയുടെ കണക്കുകൂട്ടല്‍. ദേശീയ രാഷ്ട്രീയത്തിലെ ചാണക്യന് എന്ന ഭാവത്തില്‍ കേരളത്തിലെ ഗ്രൂപ്പുകളെ ഒതുക്കാന്‍ ഡല്‍ഹിയില്‍ നിന്ന് പ്രത്യേക തന്ത്രങ്ങളുമായി കെ.സി. വിമാനമിറങ്ങി. ലക്ഷ്യം മറ്റൊന്നുമായിരുന്നില്ല ക്ലിഫ് ഹൗസിന്റെ പൂമുഖത്ത് സ്വന്തം പേരുള്ള നെയിം ബോര്‍ഡ് സ്ഥാപിക്കുക എന്നതായിരുന്നു. എന്നാല്‍ കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളും ചില മതേതര പാര്‍ട്ടി ചതുരംഗങ്ങളും ഡല്‍ഹിയിലെ തണുത്ത എസി മുറികളേക്കാള്‍ ചൂടേറിയതാണെന്ന് കെ.സി. മറന്നു. ഹൈക്കമാന്‍ഡിന്റെ വലംകൈ ആയിരുന്നിട്ടും, കേരളക്കരയിലെ അടിയൊഴുക്കുകള്‍ വേണുഗോപാലിന്റെ കാല്‍ക്കീഴിലെ മണ്ണ് ചോര്‍ത്തിക്കളഞ്ഞു. ഒടുവില്‍ മുഖ്യമന്ത്രിയാകാന്‍ വന്ന നായകന് സ്വന്തം ഗ്രൂപ്പുകാരുടെ പോലും പിന്തുണ കിട്ടാതെ പെട്ടിയും മടക്കി അടിയന്തരമായി ഡല്‍ഹിക്ക് തന്നെ മടങ്ങേണ്ടി വന്നു.
ഡല്‍ഹി പ്രതാപം കേരളത്തിലെ താഴെത്തട്ടിലുള്ള രാഷ്ട്രീയത്തില്‍ വിലപ്പോവില്ലെന്ന വലിയ പാഠമാണ് ഈ പതനം. രമേശ് ചെന്നിത്തല ഒരുങ്ങി നില്‍ക്കുകയും കെ.സി. ആകാശത്ത് നിന്ന് വട്ടമിട്ടു പറക്കുകയും ചെയ്ത ആ സുന്ദരമായ അന്തരീക്ഷത്തിലേക്കാണ് വി.ഡി. സതീശന് എന്ന സൈലന്റ് കില്ലര്‍ കടന്നുവരുന്നത്. ഒരു വശത്ത് സീനിയോറിറ്റിയുടെ പേരില്‍ ചെന്നിത്തലയുടെ അവകാശവാദം. മറുവശത്ത് ഡല്‍ഹി സ്വാധീനത്തില്‍ കെ.സിയുടെ കരുക്കള്‍. ഒടുവില്‍ എല്ലാം തകിടം മറിഞ്ഞു. ചില അദൃശ്യ ഇടപെടലുകള്‍ രാഹുലിനേയും പ്രിയങ്ക ഉള്‍പ്പടെയുള്ളവരേയും മാറി ചിന്തിപ്പിച്ചു. മലപ്പുറം കാറ്റും വയനാടന്‍ തണുപ്പും കൂടിയായതോടെ വി.ഡി. സതീശന്റെ കസേര ഉറപ്പായി.
ഡല്‍ഹിയിലെ കാറ്റ് കേരളത്തില്‍ കൊടുങ്കാറ്റാകില്ലെന്ന് കെ.സി. വേണുഗോപാലും എത്ര നേരത്തേ ഒരുങ്ങിയാലും വധുവിനെ കൊണ്ടുപോകാന്‍ വേറെ ആളുണ്ടാകുമെന്ന് രമേശ് ചെന്നിത്തലയും ഞെട്ടലോടെ തിരിച്ചറിഞ്ഞു. ഏതായാലും ചെന്നിത്തല മുഖ്യമന്ത്രിയായില്ലല്ലോ എന്ന ആശ്വാസം മാത്രമാണ് കെ.സിക്ക്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഈ അണിയറ നാടകം തെളിയിക്കുന്നത് ഒന്നേയുള്ളൂ മുന്‍കൂട്ടി ഒരുങ്ങിയിരിക്കുന്നതിനേക്കാള് പ്രധാനം കറക്റ്റ് സമയത്ത് കസേര വലിച്ചിട്ട് ഇരിക്കാന്‍ അറിയുക എന്നതാണ്.
ഉണ്ണി വി.ജെ. നായര്‍




