
' ഓപ്പറേഷന് ജാവ' ,' സൗദി വെളളക്ക' ' തുടരും' തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ഇപ്പോള്‍ തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയെ കണ്ട സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് തരുണ്‍ മൂര്‍ത്തി.
'' ഇത് തുടരും സിനിമയുടെ റീമേക്കുമായി ബന്ധപ്പെട്ട ഒന്നല്ല. ചിരഞ്ജീവി സാറിന് എന്നെ നേരിട്ട് കാണണമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ടീമില്‍ നിന്ന് എനിക്ക് ഒരു കോള്‍ വന്നു. ഞാന്‍ ഉടന്‍ തന്നെ ഫ്ലൈറ്റ് കയറി അദ്ദേഹത്തിന്റെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടു.
സിനിമയെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. എന്റെ സിനിമകളിലെ ഓരോ സീക്വന്‍സുകളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. സത്യത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. എല്ലാ കാലത്തെയും ആ സൂപ്പര്‍സ്റ്റാര്‍ ഇന്നും ഒരു കൊച്ചുകുട്ടിയുടെ ആവേശത്തോടെയാണ് സിനിമകളെ സമീപിക്കുന്നതും കാണുന്നതും. അതെ, അതാണ് അദ്ദേഹത്തെ ഇത്രയും സവിശേഷനാക്കുന്നത്.
ജീവിതം ഇതുവരെ മാജിക്കല്‍ ആണ്. ചിലപ്പോള്‍ വളരെ ചെറിയ നിമിഷങ്ങളായിരിക്കും നിങ്ങളെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുന്നത്. പക്ഷേ ഇതിനെ എങ്ങനെയാണ് ഒരു ചെറിയ നിമിഷമെന്ന് വിളിക്കാന്‍ കഴിയുക? ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആവേശമാണ്. ചിരഞ്ജീവി... ഒരു കാരണമാണ്'', എന്നാണ് തരുണ്‍ മൂര്‍ത്തി കുറിച്ചത്.
അതേസമയം മോഹന്‍ലാല്‍ നാകനാകുന്ന ' അതിമനോഹരം' എന്ന ചിത്രമാണ് തരുണ്‍ മൂര്‍ത്തിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമ. ' തുടരും' എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിനു ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്.






