
ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം കടുത്ത പ്രതിസന്ധിയിലൂടെ നീങ്ങുമ്പോള്‍ സണ്ണിജോസഫ് മന്ത്രിയായാല്‍ പുതിയ കെ.പി.സി.സി. പ്രസിഡന്റിനെ കണ്ടെത്തുന്നതും തലവേദനയാകും. ഭരണനേതൃത്വത്തെയും സംഘടനാ സംവിധാനത്തെയും ഒരുപോലെ ബാധിക്കുന്ന ഈ വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇന്ന് അന്തിമ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന.
സണ്ണി ജോസഫ് പുതിയ മന്ത്രിസഭയില്‍ അംഗമാകുമെന്ന് ഉറപ്പായതോടെ ഒഴിവു വരുന്ന കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വന്‍ മത്സരമാണ് നടക്കുന്നത്. സണ്ണിജോസഫിനെ പോലെ തന്നെ പകരക്കാരനെയും ഒരു ന്യൂനപക്ഷ സമുദായത്തില്‍ നിന്നും കണ്ടെത്താനാണ് ആലോചന. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കളുടെയും കെ.സി. വേണുഗോപാലിന്റെയും പിന്തുണ ബെന്നി ബഹനാനുണ്ട്.
ബെന്നി ബഹനാന്, കൊടിക്കുന്നില്‍ സുരേഷ്, ഷാഫി പറമ്പില്‍, ആന്റോ ആന്റണി എന്നീ പേരുകളാണ് മുന്നില്‍. പലതവണ അവസരം നിഷേധിക്കപ്പെട്ടുവെന്ന വാദമാണ് കൊടിക്കുന്നില്‍ ഉയര്‍ത്തുന്നത്. കെ.സി. വേണുഗോപാലുമായി അടുത്ത ബന്ധമാണ് ഷാഫിയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകം. കഴിഞ്ഞ തവണ അവസാന നിമിഷം തഴയപ്പെട്ട ആന്റോ ആന്റണിയുടെ പേരും സജീവമായിട്ടുണ്ട്.
മുഖ്യമന്ത്രിയായി ആര് വരുന്നു എന്നത് കെപിസിസി അധ്യക്ഷനെ നിശ്ചയിക്കുന്നതിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തും. ജാതി-മത സമവാക്യങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഒരു ഉടച്ചുവാര്‍ക്കലിനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെയും കെപിസിസി അധ്യക്ഷനെയും നിശ്ചയിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നിര്‍ണ്ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. അതിനിടയില്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഇന്നു തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഹൈക്കമാന്‍ഡിന് നിരീക്ഷകര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേരളത്തിലെ സാഹചര്യം 'അതീവ സങ്കീര്‍ണ്ണം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ സതീശന് അനുകൂലമായ വികാരമുണ്ടെന്നും ഘടകകക്ഷികള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ എംഎല്‍എമാര്‍ക്കിടയിലും പാര്‍ട്ടി സംവിധാനത്തിലും അദ്ദേഹത്തിന് വേണ്ടത്ര പിന്തുണയില്ലെന്നത് വെല്ലുവിളിയാണ്.
63 എംഎല്‍എമാരില്‍ 47 പേരുടെയും പിന്തുണ കെ.സിക്കാണെന്നാണ് സൂചന. താന്‍ സ്വമേധയാ പിന്മാറില്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തനിക്കെതിരെ കേരളത്തില്‍ നടക്കുന്നത് ആസൂത്രിതമായ നീക്കമാണെന്നും അദ്ദേഹം പരാതിപ്പെട്ടു. തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. ഡല്‍ഹിയിലെത്തിയ കേരള നേതാക്കളുമായി ഇന്ന് നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷം വൈകുന്നേരത്തോടെ പ്രഖ്യാപനം ഉണ്ടായേക്കും.






