
ഭൂമിക്ക് പുറത്ത് മറ്റൊരു ലോകമുണ്ടോ എന്ന നൂറ്റാണ്ടുകളായുള്ള മനുഷ്യന്റെ ചോദ്യത്തിന് ഔദ്യോഗികമായ ഉത്തരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ ഭരണകൂടം. വര്‍ഷങ്ങളായി അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന 'അണ് ഐഡന്റിഫൈഡ് അനോമലസ് ഫിനോമിന' അഥവാ പറക്കും തളികകളെ സംബന്ധിച്ച നിര്‍ണ്ണായക രേഖകള്‍ യുഎസ് പ്രതിരോധ വകുപ്പ് ഇപ്പോള്‍ പരസ്യപ്പെടുത്തിയിരിക്കുകയാണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരം നടപ്പിലാക്കിയ 'പഴ്സ്യൂ' പദ്ധതിയുടെ ഭാഗമായാണ് ഈ വിപ്ലവാത്മകമായ നീക്കം ഉണ്ടായിരിക്കുന്നത്.
ഭരണകൂടത്തിന്റെ സുതാര്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്രയും കാലം മൂടിവെച്ചിരുന്ന വീഡിയോകളും രേഖകളും ചിത്രങ്ങളും ഇപ്പോള്‍ വെബ്സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാവുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നത്. നാവികസേനയിലെയും വ്യോമസേനയിലെയും പൈലറ്റുമാര്‍ വിവിധ കാലഘട്ടങ്ങളില്‍ പകര്‍ത്തിയ നിഗൂഢമായ ദൃശ്യങ്ങളാണ് പുറത്തുവിട്ട രേഖകളില്‍ ഏറ്റവും ശ്രദ്ധേയം. ഭൗതികശാസ്ത്ര നിയമങ്ങളെ വെല്ലുവിളിക്കുന്ന രീതിയില്‍ അതിവേഗത്തില്‍ സഞ്ചരിക്കുന്നതും വായുവില്‍ നിശ്ചലമായി നില്ക്കുന്നതുമായ അജ്ഞാത പേടകങ്ങളുടെ ദൃശ്യങ്ങള്‍ ഈ ശേഖരത്തിലുണ്ട്.
പുറത്തുവിട്ടവയില്‍ 2023ല്‍ മിഡില്‍ ഈസ്റ്റില്‍ നിരീക്ഷിക്കപ്പെട്ട വെങ്കല നിറത്തിലുള്ള ഓവല്‍ രൂപത്തിലുള്ള പേടകത്തിന്റെ ചിത്രവും, അപ്പോളോ 17 ദൗത്യത്തിനിടെ ചന്ദ്രോപരിതലത്തിന് മുകളില്‍ ദൃശ്യമായ നിഗൂഢ പ്രകാശങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ഉള്‍പ്പെടുന്നു. കൂടാതെ, 2025ല്‍ ഒരു ഹെലികോപ്റ്ററില്‍ നിന്ന് ഇന്‍ഫ്രാറെഡ് ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ പുതിയ ദൃശ്യങ്ങള്‍ ശാസ്ത്രലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു തരത്തിലുള്ള എന്‍ജിനോ പ്രൊപ്പല്‍ഷന്‍ സംവിധാനമോ ഇല്ലാതെ അസാധാരണ വേഗതയില്‍ നീങ്ങുന്ന വസ്തുവാണ് ഈ ദൃശ്യങ്ങളിലുള്ളത്.
നാസ, എഫ്.ബി.ഐ, ആള് ഡൊമെയ്ന്‍ അനോമലി റെസല്യൂഷന്‍ ഓഫീസ് എന്നിവയുടെ സംയുക്ത പരിശ്രമത്തിലൂടെയാണ് ഈ ബൃഹത്തായ ഡാറ്റാബേസ് തയ്യാറാക്കിയത്. യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡിന്റെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന. എന്നാല്‍, പുറത്തുവിട്ട പല ദൃശ്യങ്ങളിലും ഈ പേടകങ്ങള്‍ എവിടെ നിന്ന് വരുന്നു എന്നോ ഇവയുടെ സാങ്കേതികവിദ്യ എന്താണെന്നോ വ്യക്തമാക്കാന്‍ ഭരണകൂടത്തിന് ഇപ്പോഴും സാധിച്ചിട്ടില്ല എന്നത് നിഗൂഢത വര്‍ദ്ധിപ്പിക്കുന്നു.
വാര്‍ത്ത പുറത്തുവന്നതോടെ ആഗോളതലത്തില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. രേഖകള്‍ പരിശോധിക്കാനുള്ള തിരക്ക് കാരണം ഔദ്യോഗിക വെബ്സൈറ്റ് പലപ്പോഴും പ്രവര്ത്തനരഹിതമാകുന്നുണ്ട്. ഇവ മനുഷ്യനിര്‍മ്മിതമാണോ അതോ അന്യഗ്രഹങ്ങളില്‍ നിന്ന് എത്തുന്നതാണോ എന്ന കാര്യത്തില്‍ ശാസ്ത്രലോകം ഇപ്പോഴും ഭിന്നസ്വരത്തിലാണ്. അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ഗൂഢാലോചന സിദ്ധാന്തങ്ങള്‍ വിശ്വസിക്കുന്നവര്‍ക്ക് പുതിയ തെളിവുകള്‍ ലഭിച്ചപ്പോള്‍, ഗവേഷകര്‍ ഇതിനെ ഗൗരവകരമായ പഠനത്തിനുള്ള മികച്ച അവസരമായാണ് കാണുന്നത്.






