
മലപ്പുറത്ത് പേരക്കുട്ടിയുടെ അപ്രതീക്ഷിത വിയോഗവാര്‍ത്ത കേട്ടതിന് പിന്നാലെ മുത്തച്ഛന് ഹൃദയാഘാതം മൂലം മരിച്ചു . തിരൂര്‍ മംഗലം എന്‍.ഒ.സി പടിയില്‍ ബസ് അപകടത്തില്‍ മരിച്ച അന്‍വറിന്റെ മകന് മുഹമ്മദ് റിഹാന്റെ (10) മരണവാര്‍ത്തയറിഞ്ഞ ആഘാതത്തിലാണ് വല്യുപ്പ ഹനീഫ (84) ഹൃദയാഘാതം മൂലം മരിച്ചത്. പെരുന്തിരുത്തി പഴയ ജുമാ മസ്ജിദ് പ്രസിഡന്റായിരുന്നു ഹനീഫ.
പള്ളിയില്‍ നിന്നു പഠനം കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ തിരൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് തട്ടി വീണ കുട്ടിയുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആലത്തിയൂര്‍ മലബാര്‍ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു റിഹാന്.
അപകടവാര്‍ത്തയറിഞ്ഞ് കുഴഞ്ഞുവീണ ഹനീഫയെ ഉടന്‍ തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ദീര്‍ഘകാലമായി പെരുന്തിരുത്തി മഹല്ല് പ്രസിഡന്റായിരുന്നു.






