
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയില്‍ ആദ്യമായി ബി.ജെ.പിയെ അധികാരത്തിലെത്തിച്ചതിന് ബംഗാളിലെ ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് അവരെ നമസ്കരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കൊല്‍ക്കത്തയിലെ ബിഗ്രേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സുവേന്ദു അധികാരി ബംഗാളിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ അസാധാരണ നന്ദി പ്രകടനം. ചുവന്ന പരവതാനി വിരിച്ച വേദിയില്‍നിന്ന് ആവേശഭരിതരായ ജനക്കൂട്ടത്തെ കൈവീശി അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ നന്ദി പ്രകടനം ആരംഭിച്ചത്. ബി.ജെ.പിയില്‍നിന്നുള്ള ബംഗാളിന്റെ ആദ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുവേന്ദു അധികാരിയും, സംസ്ഥാനത്തെ ആദ്യ മന്ത്രിസഭയിലെ മറ്റ് അഞ്ച് അംഗങ്ങളും പ്രധാനമന്ത്രിയുടെ വലതുവശത്തുണ്ടായിരുന്നു.
തൊട്ടുപിന്നാലെ, പ്രധാനമന്ത്രി മോദി പതുക്കെ മുട്ടുകുത്തി ജനക്കൂട്ടത്തിന് മുന്നില്‍ കുനിഞ്ഞ് വണങ്ങി. ചടങ്ങിനിടെ വേദിയിലുണ്ടായിരുന്ന ബംഗാളിലെ ഏറ്റവും മുതിര്‍ന്ന ബി.ജെ.പി പ്രവര്‍ത്തകനായ മാഖന് ലാല്‍ സര്‍ക്കാരി(98)ന്റെ പാദങ്ങളില്‍ തൊട്ട് വന്ദിച്ച പ്രധാനമന്ത്രിയുടെ നടപടി പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം പടര്‍ത്തി. ബി.ജെ.പിയുടെ ആദ്യരൂപമായ ഭാരതീയ ജനസംഘം സ്ഥാപകന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ഉറ്റഅനുയായിരുന്നു സര്‍ക്കാര്‍. 1952-ല്‍, കശ്മീരില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്താനുള്ള പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതിനിടെ മുഖര്‍ജിയോടൊപ്പം അദ്ദേഹവും അറസ്റ്റിലായിരുന്നു.






