
ജന്മാഷ്ടമിക്ക് വളർത്തുനായയെ ശ്രീകൃഷ്ണ വേഷം ധരിപ്പിച്ച് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് യുവതിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ പഞ്ചാബ്–ഹരിയാന ഹൈക്കോടതി റദ്ദാക്കി. മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തിൽ ക്രിമിനൽ നടപടി സ്വീകരിക്കാൻ കഴിയില്ലെന്നും, ഹിന്ദുമതത്തിൽ നായയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഹരിയാന ഹൈക്കോടതി ജസ്റ്റിസ് സുഭാഷ് മെഹ്ല പുറപ്പെടുവിച്ച വിധിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വളർത്തുനായയെ ജന്മാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി ശ്രീകൃഷ്ണ വേഷത്തിൽ അണിയിച്ചത് ദുരുദ്ദേശ്യത്തോടെയല്ലെന്നും, അത് സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്ന നടപടിയെന്നുമാണ് കോടതി വിലയിരുത്തിയത്.ജന്മാഷ്ടമി ആഘോഷത്തിനിടെ വളർത്തുനായയെ ശ്രീകൃഷ്ണ വേഷത്തിൽ അണിയിച്ചതുമായി ബന്ധപ്പെട്ട് യുവതിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ പഞ്ചാബ്–ഹരിയാന ഹൈക്കോടതി റദ്ദാക്കി. സംഭവത്തിൽ യുവതി ഹിന്ദുമത വിശ്വാസിയാണെന്നും, സ്വന്തം മതവിശ്വാസത്തെ വ്രണപ്പെടുത്താൻ മനപ്പൂർവം ശ്രമിച്ചതായി പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി.
മക്കളില്ലാത്തതിനാൽ വളർത്തുനായയെ സ്വന്തം കുഞ്ഞിനെപ്പോലെ കാണുന്ന യുവതി, ജന്മാഷ്ടമി ദിനത്തിൽ കുട്ടികളെ കൃഷ്ണവേഷത്തിൽ അണിയിക്കുന്ന പതിവിന്റെ ഭാഗമായാണ് നായയെ അണിയിച്ചൊരുക്കിയതെന്നും കോടതി നിരീക്ഷിച്ചു. ഈ സംഭവത്തെ തെറ്റായി വ്യാഖ്യാനിച്ച് അനാവശ്യമായി ക്രിമിനൽ കേസാക്കി മാറ്റിയതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഹിന്ദു പുരാണങ്ങളിലും ആരാധനാ പാരമ്പര്യങ്ങളിലും നായയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഭഗവാൻ ശിവന്റെ ഉഗ്രരൂപമായ കാലഭൈരവന്റെ വാഹനമായാണ് നായയെ കണക്കാക്കുന്നതെന്നും, പലരും കാലഭൈരവനെയും നായയെയും ഒരുമിച്ച് ആരാധിക്കുന്ന പതിവുണ്ടെന്നും കോടതി വിശദീകരിച്ചു.
ജന്മാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി നായയ്ക്ക് ശ്രീകൃഷ്ണന്റെ കിരീടം അണിയിച്ച് യുവതി ചിത്രം പങ്കുവച്ചിരുന്നു. ഇത് വാട്സ്ആപ്പ് സ്റ്റാറ്റസായി സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെയാണ് വിവാദം ഉയർന്നത്.






