സഖ്‌ലൈന് താരിഖിന്റെ ജീവിതകഥ ഇന്ത്യയിലെ യുവത്വത്തിന് ഒരു പാഠമാണ്.അർപ്പണബോധത്തോടെ, നിശ്ചയദാർഢ്യത്തോടെ, അച്ചടക്കത്തോടെ പ്രവർത്തിയെടുത്താൽ ജാതി- മത -വർഗ്ഗ- ദേശ ഭേദങ്ങൾ മറികടന്ന് ഒന്നാമനാകാനുള്ള സാഹചര്യം നമ്മുടെ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ടന്ന പാഠം.
ജമ്മു-കാശ്മീരിലെ അതിർത്തി ജില്ലയായ പൂഞ്ചിൽ 1997 ആഗസ്റ്റ് 7നാണ് സഖ്‌ലൈന്‍ താരിഖിന്റെ ജനനം. കായികരംഗത്ത് പറയപ്പെടുന്ന നേട്ടങ്ങളോ വൈദഗ്ധ്യമുള്ള പരിശീലന കേന്ദ്രങ്ങളോ ഇല്ലാത്ത ജില്ല. ആരുംതന്നെ കായിക രംഗം ഒരു ശോഭനമായ മേഖലയായി അവിടെ തെ രഞ്ഞെടുത്തിട്ടുമില്ല. അങ്ങനെയുള്ള, നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഒരു ചെറിയ ഗ്രാമത്തിൽ നിന്നുമാണ് സഖ്‌ലൈന്‍ താരിഖ് തന്റെ കായിക ജീവിതം ആരംഭിച്ചു ആ രംഗത്ത് അഭിമാനാർഹമായ ദേശീയ അംഗീകാരം നേടിയെടുത്തത്.
വോളിബോൾ കളിയോട് കമ്പമുള്ള കുടുംബമായിരുന്നു സഖ്‌ലൈന്റേത്.ആ കമ്പം രക്തത്തിൽ അലിഞ്ഞു ചേർന്നതുകൊണ്ടാകാം സഖ് ലൈനും വോളിബോളിനോട് കമ്പമുണ്ടായത്. വോളിബോൾ മുൻ ദേശീയ താരവും പരിശീലകനുമായ പിതാവാണ് സഖ്‌ലൈന് കളിയുടെ ആദ്യപാഠങ്ങൾ പകർന്നു നൽകിയത്.
ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ മറികടന്നായിരുന്നു സഖ്‌ലൈന്‍ താരിഖിന്റെ ആദ്യകാല പരിശീലനം. ജന്മസ്ഥലമായ പൂഞ്ചിന്റെ കായിക രംഗത്തുള്ള പിന്നാക്കാവസ്ഥയും നാമമാത്രമായ സൗകര്യങ്ങളും മറികടക്കുക അത്ര എളുപ്പമായിരുന്നില്ല.എന്നാൽ അർപ്പണബോധവും അച്ചടക്കവും കഠിനാധ്വാനവും ഈ പരിമിതികളെ മറികടക്കാൻ സഖ്‌ലൈനെ സഹായിച്ചു.
നാളുകൾ കഴിഞ്ഞതോടെ ഈ ചെറുപ്പക്കാരൻ ചരിത്രം സൃഷ്ടിക്കുന്ന തിരക്കിലായി. ജമ്മു -കാശ്മീരിൽ നിന്നും വോളിബോളിൽ അന്തർദേശീയ തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ ആളായി സഖ്‌ലൈന്‍ താരിഖ് മാറി.
വോളിബോൾ കളിക്കളങ്ങളിൽ സഖ്‌ലൈന്‍ നടത്തുന്ന മിന്നുംപ്രകടനങ്ങളും സംഘാടക മികവും അദ്ദേഹം രാജ്യത്താകമാനം ശ്രദ്ധിക്കപ്പെടാൻ കാരണമായി. വോളിബോളിലെ ഒന്നാം പേരുകാരനായി ഉയരാൻ പിന്നെ അധിക കാലതാമസം ഉണ്ടായിരുന്നില്ല.
വോളിബോൾ രംഗത്ത് ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ പ്രൈം വോളിബോൾ ലീഗ് (പി വി എൽ)ൽ പങ്കെടുത്ത ജമ്മു- കാശ്മീരിൽ നിന്നുള്ള ഏക കളിക്കാരൻ സഖ്‌ലൈന്‍ താരിഖ് ആയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദഗ്ധ പരിശീലനം നേടിവന്ന ഗ്രൂപ്പുകളെയും കളിക്കാരെയുമാണ് പരിമിത സാഹചര്യങ്ങളിൽ നിന്നും ഉയർന്നുവന്ന ഈ ചെറുപ്പക്കാരൻ നേരിട്ടത്.
അന്താരാഷ്ട്ര വോളിബോൾ മത്സരങ്ങളിൽ പങ്കെടുക്കാനായി ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള മികച്ച 28 കളിക്കാരിൽ ഇന്ന് സഖ്‌ലൈന്‍ ഉണ്ട്.ഈ അംഗീകാരം അദ്ദേഹത്തിന്റെ അർപ്പണബോധത്തിന്റെയും അച്ചടക്കത്തിന്റെയും കഠിനാധ്വാനത്തിന്റെയും അംഗീകാരമായി മാറിയിരിക്കുന്നു.
വോളിബോളിൽ പടവുകയറി ഉന്നതിയിലെത്തിയപ്പോഴും സഖ്‌ലൈന്‍ വന്ന വഴി മറന്നില്ല. ജമ്മു -കാശ്മീരിലെ പുതുതലമുറയിലെ കായികതാരങ്ങളെ വാർത്തെടുക്കുന്നതിൽ അദ്ദേഹത്തിന്റെ പ്രയത്നമുണ്ട് . ഭൂമിശാസ്ത്രപരമായും സാമൂഹ്യമായുമുള്ള പരിമിതികളെ മറികടക്കാൻ കഴിയുമെന്ന് തന്റെ ജീവിതത്തിലൂടെ അദ്ദേഹം യുവ കായികതാരങ്ങൾക്ക് കാണിച്ചു നൽകി.
കായികരംഗത്ത് നേട്ടം കൊയ്തു എന്നത് മാത്രമല്ല സഖ്‌ലൈന്‍ താരിഖ് നമുക്ക് കാട്ടിത്തരുന്നത്. ധൈര്യം, ആഗ്രഹം, സ്വപ്നം കാണാനുള്ള ശക്തി ഇതിലെല്ലാം കൂടിയുള്ള യാത്രയാണ് അദ്ദേഹത്തിന്റെ ജീവിതം. അതിർത്തി ജില്ലയായ പൂഞ്ചിന്റെ തെരുവീഥികളിൽനിന്നും ദേശീയ വോളിബോളിന്റെ വിശാല ലോകത്തേക്ക് നടന്നുകയറിയ അദ്ദേഹം ഇന്ന് ജമ്മു- കാശ്മീരിന്റെ അഭിമാനത്തിന്റെ പ്രതീകമാണ്,ഒപ്പം രാജ്യത്താകമാനമുള്ള കായിക താരങ്ങൾക്ക് പ്രചോദനവും.




