
ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്യെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രം തുടർന്നും സഹകരിക്കുമെന്ന് ഉറപ്പുനൽകി. എന്നാൽ, ഡിഎംകെ സഖ്യത്തിൽ നിന്ന് പിൻമാറി ടിവികെയ്ക്ക് പിന്തുണ നൽകിയ കോൺഗ്രസിനെ പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ് “പരാന്നഭോജികൾ” ആണെന്നും “വിശ്വാസവഞ്ചകർ” ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദീർഘകാല സുഹൃത്തായ ഡിഎംകെയെ കോൺഗ്രസ് ഉപേക്ഷിച്ചതിനെ പ്രധാനമന്ത്രി കടുത്ത ഭാഷയിലാണ് വിമർശിച്ചത്. 25-30 വർഷത്തോളം കോൺഗ്രസ് ഡിഎംകെയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഈ സഖ്യമാണ് കോൺഗ്രസിനെ പലതവണ പ്രതിസന്ധികളിൽ നിന്ന് കരകയറ്റിയത്. 2014-ന് മുമ്പ് 10 വർഷം കോൺഗ്രസ് നയിച്ച സർക്കാർ നിലനിന്നത് തന്നെ പ്രധാനമായും ഡിഎംകെയുടെ പിന്തുണയിലായിരുന്നു. എന്നാൽ, കോൺഗ്രസിന്റെ നന്മയ്ക്കായി നിരന്തരം പ്രവർത്തിച്ച അതേ ഡിഎംകെയെ രാഷ്ട്രീയ കാറ്റ് മാറിയപ്പോൾ അവർ വഞ്ചിച്ചു. അധികാരമോഹത്താൽ കോൺഗ്രസ്, കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി. രാഷ്ട്രീയമായി നിലനിൽക്കാൻ തങ്ങൾക്ക് സവാരി ചെയ്യാൻ മറ്റൊരു പാർട്ടി വേണമെന്ന അവസ്ഥയിലാണ് ഇപ്പോൾ അവരെന്നും മോഡി പരിഹാസരൂപേണ പറഞ്ഞു.
കോൺഗ്രസ് പിന്നിൽ നിന്ന് കുത്തി എന്നു തന്നെയാണ് ഡിഎംകെയുടെയും അഭിപ്രായം. സഖ്യത്തിൽ ഒരു രാജ്യസഭാ സീറ്റും 28 അസംബ്ലി സീറ്റും കോൺഗ്രസിനു നൽകിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി പറയാൻ പോലും കോൺഗ്രസിനെ കണ്ടില്ല എന്നും പാർട്ടിയുടെ ഒരു പ്രമേയത്തിൽ പറയുന്നുണ്ട്.






