
തിരുവനന്തപുരം∙ ഇന്നു മുതൽ 14 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഈ കാലയളവിൽ മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയേക്കും.
മന്നാർ ഉൾക്കടലിനും ശ്രീലങ്കൻ തീരത്തിനും മുകളിൽ ഒരു ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഉത്തര കർണാടക മുതൽ ദക്ഷിണ കർണാടക, തമിഴ്നാട് വഴി മന്നാർ ഉൾക്കടൽ വരെ ന്യൂനമർദ പാത്തിയും (ട്രഫ്) സജീവമാണ്. ഈ ചക്രവാതചുഴിയുടെ സ്വാധീനഫലമായി അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊള്ളാൻ സാധ്യതയുണ്ട്. ഇത് കേരളത്തിലെ കാലാവസ്ഥയെ കൂടുതൽ സ്വാധീനിക്കുമെന്നു വിദഗ്ധർ വ്യക്തമാക്കുന്നു.






