
അമേരിക്കയിലെ ഭക്ഷണവിലയും ജീവിതച്ചെലവും കണ്ട് അമ്പരന്ന ഒരു ഇന്ത്യന്‍ യുവതിയുടെ അനുഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ആകൃതി പാണ്ഡെ എന്ന യുവതിയാണ് യുഎസ് യാത്രയ്ക്കിടയിലുണ്ടായ സാമ്പത്തിക ആഘാതത്തെക്കുറിച്ച് വീഡിയോ പങ്കുവെച്ചത്. യുഎസിലെ ബേ ഏരിയയില്‍ നിന്ന് മൂന്ന് ദോശ കഴിച്ചപ്പോള്‍ നല്‍കേണ്ടി വന്നത് 57 ഡോളറാണെന്ന് ആകൃതി പറയുന്നു. അതായത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 5,300ല്‍ അധികം രൂപ ഒരു സാധാരണ ഇന്ത്യന്‍ വിഭവത്തിന് നല്‍കേണ്ടി വന്ന ഈ ഭീമമായ തുക കേട്ട് അമ്പരന്നിരിക്കുകയാണ് സൈബര്‍ ലോകം.
ഭക്ഷണത്തിന് പുറമെ യാത്രയ്ക്കും താമസത്തിനുമായി വലിയ തുക ചെലവാക്കേണ്ടി വരുന്നുണ്ടെന്നും യുവതി ചൂണ്ടിക്കാട്ടുന്നു. ഒരു കാപ്പിക്ക് നാല് ഡോളര്‍ വരെ നല്‍കണം. രാത്രി സമയങ്ങളില്‍ യൂബര്‍ ടാക്സികള്‍ ഉപയോഗിക്കുമ്പോള്‍ ഒരു ദിവസത്തെ ഹോട്ടല്‍ വാടകയ്ക്ക് തുല്യമായ തുകയാണ് ഈടാക്കുന്നത്. ചില സ്ഥലങ്ങളില്‍ പൊതുഗതാഗതം ഒട്ടും ലഭ്യമല്ലാത്തത് യാത്രക്കാര്‍ക്ക് വലിയ ബാധ്യതയാകുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 95ലേക്ക് എത്തിയതോടെ വിദേശയാത്രകള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത അവസ്ഥയിലാണെന്നും വീഡിയോയില്‍ പറയുന്നു.
ചെലവുകള്‍ രൂപയിലേക്ക് മാറ്റി കണക്കുകൂട്ടരുത് എന്ന് ഉപദേശിക്കുന്നവര്‍ക്കും ആകൃതി മറുപടി നല്‍കുന്നുണ്ട്. ഇന്ത്യന്‍ രൂപയില്‍ സമ്പാദിക്കുകയും ഡോളറില്‍ ചെലവാക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് ഇത്തരത്തില്‍ താരതമ്യം ചെയ്യാതിരിക്കാന്‍ കഴിയില്ലെന്നാണ് യുവതിയുടെ വാദം. ഏതെങ്കിലും കമ്പനിയുടെയോ സ്പോണ്സര്ഷിപ്പിന്റെയോ സഹായമില്ലാതെ സ്വന്തം നിലയ്ക്ക് അമേരിക്കയില്‍ യാത്ര ചെയ്യുന്നത് മാനസികമായി വലിയ സമ്മര്‍ദ്ദമുണ്ടാക്കുമെന്നും ആകൃതി കൂട്ടിച്ചേര്‍ത്തു.






