
ടോക്യോ: ജപ്പാനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ അജ്ഞാത വസ്തു തളിച്ചതിനെത്തുടര്‍ന്ന് യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഒഡവാര സ്റ്റേഷനില്‍ നിന്നും ടക്കസാക്കിയിലേക്ക് പോവുകയായിരുന്ന ട്രെയിനിലെ യാത്രക്കാര്‍ക്കാണ് ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ടത്. ഇതോടെ ട്രെയിന്‍ കവസാക്കി സ്റ്റേഷനില്‍ അടിയന്തരമായി നിര്‍ത്തി യാത്രക്കാരെ ഒഴിപ്പിച്ചു.
സംഭവത്തെത്തുടര്‍ന്ന് പത്തോളം യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്വാസതടസ്സത്തിന് പുറമെ തൊണ്ടയില്‍ അസ്വസ്ഥതയും പലര്‍ക്കും അനുഭവപ്പെട്ടു. ഒരു കുടുംബത്തിലെ മൂന്ന് പേര് ഉള്‍പ്പെടെയുള്ളവരാണ് ചികിത്സ തേടിയത്. വിവരമറിഞ്ഞ് ഇരുപതിലധികം ആംബുലന്‍സുകളും അടിയന്തര വിഭാഗം വാഹനങ്ങളും സ്റ്റേഷനിലെത്തിയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ട്രെയിനിനുള്ളില്‍ പോലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും വിഷവാതകങ്ങളുടെയോ മറ്റ് അപകടകരമായ വസ്തുക്കളുടെയോ സാന്നിധ്യം കണ്ടെത്താനായില്ല. ആരെങ്കിലും മനഃപൂര്‍വ്വം എന്തെങ്കിലും വസ്തുക്കള്‍ തളിച്ചതാണോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. സംഭവത്തെത്തുടര്‍ന്ന് യാത്രക്കാര്‍ക്കിടയില്‍ വലിയ രീതിയിലുള്ള പരിഭ്രാന്തി പടര്‍ന്നിട്ടുണ്ട്.






