
സിനിമകളേക്കാൾ ഉപരി തൃഷ കൃഷ്ണന്റെ വ്യക്തിജീവിതമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഇളയ ദളപതി വിജയ്‌യുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള അഭ്യൂഹങ്ങളാണ് ഇതിന് കാരണം. അടുത്തിടെ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയ്‌യുടെ കുടുംബത്തോടൊപ്പം തൃഷയെ കണ്ടിരുന്നു. വിജയ്‌യുടെ വിജയം ആഘോഷിക്കുന്ന വേളയിൽ തൃഷ വികാരാധീനയായതും കണ്ണുനിറഞ്ഞതും ശ്രദ്ധിക്കപ്പെട്ടിരുന്നു. 43 വയസ്സിലും അവിവാഹിതയായി തുടരുന്ന തൃഷ തന്റെ വിവാഹത്തെക്കുറിച്ച് മുമ്പ് പറഞ്ഞ കാര്യങ്ങൾ അവരുടെ ദൃഢനിശ്ചയത്തിന് ഉദാഹരണമാണ്.
വിജയുമായി പ്രണയത്തിലാണെന്ന അഭ്യൂഹം പരക്കുന്നതിനു മുമ്പും തൃഷയുടെ വ്യക്തിജീവിതം ചർച്ചയായിരുന്നു. 2015-ൽ കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ ചെന്നൈ സ്വദേശിയായ വ്യവസായി വരുൺ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം നടന്നിരുന്നു. എന്നാൽ അഞ്ച് മാസത്തിനുള്ളിൽ ആ വിവാഹനിശ്ചയം റദ്ദാക്കപ്പെട്ടു.
രണ്ട് വർഷത്തിന് ശേഷം, 2017-ൽ നൽകിയ ഒരു അഭിമുഖത്തിൽ താൻ വിവാഹത്തിൽ വിശ്വസിക്കുന്നുണ്ടെന്നും എന്നാൽ സമൂഹത്തിന്റെ സമ്മർദ്ദത്തിനോ പ്രായത്തിനോ വഴങ്ങി വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തൃഷ വ്യക്തമാക്കിയിരുന്നു. പ്രണയവും വൈകാരികമായ പൊരുത്തവും ഉള്ളപ്പോൾ മാത്രമേ വിവാഹം നടക്കാവൂ എന്നാണ് താരം വിശ്വസിക്കുന്നത്.
ദഗ്ഗുബാട്ടിയുമായും തൃഷയുടെ പേര് ചേർത്ത് ഗോസിപ്പുകൾ പരന്നിരുന്നു. വിവാഹനിശ്ചയം മുടങ്ങിയതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. റാണ തൃഷയെ ചുംബിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും, കുറച്ചുകാലം തങ്ങൾ ഡേറ്റിംഗിലായിരുന്നുവെന്നും പിന്നീട് വേർപിരിഞ്ഞുവെന്നും 2018-ൽ 'കോഫി വിത്ത് കരൺ' എന്ന പരിപാടിയിൽ റാണ വെളിപ്പെടുത്തിയിരുന്നു.
വിജയ് മുഖ്യമന്ത്രിപദത്തിൽ എത്തിയപ്പോഴാണ് വീണ്ടും തൃഷ ഗോസിപ്പുകൾ നിര നിരയായി വന്നു തുടങ്ങിയത്. 'ലിയോ' എന്ന ചിത്രത്തിലൂടെ 15 വർഷങ്ങൾക്ക് ശേഷം ഇരുവരും സ്ക്രീനിൽ ഒന്നിച്ചെത്തിയിരുന്നു.
തുടർന്ന് സൈമ അവാർഡ് വേദിയിൽ തൃഷ വിജയ്‌യെ പ്രശംസിക്കുകയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസകൾ നേരുകയും ചെയ്തു. പൊതുപരിപാടികളിൽ ഇരുവരെയും ഒരുമിച്ച് കാണാൻ തുടങ്ങിയതോടെ പ്രണയവാർത്തകൾക്ക് വേഗത കൂടി. വിജയ്‌യുടെ ഭാര്യ വിവാഹേതര ബന്ധത്തെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു.
ഒൻപത് വർഷം മുമ്പ് 'ഇന്ത്യ ഗ്ലിറ്റ്‌സിന്' നൽകിയ അഭിമുഖത്തിൽ തൃഷ വിവാഹ സങ്കൽപ്പങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. എപ്പോഴാണ് വിവാഹം കഴിക്കുകയെന്ന് തനിക്കറിയില്ലെന്നും അത് അനുയോജ്യനായ വ്യക്തിയെ കണ്ടെത്തുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും താരം പറഞ്ഞു.
ജീവിതകാലം മുഴുവൻ ഒരാളോടൊപ്പം ചെലവഴിക്കാൻ കഴിയുമെന്ന് ഉറപ്പുള്ളപ്പോൾ മാത്രമേ വിവാഹം കഴിക്കൂ എന്നും തൃഷ കൂട്ടിച്ചേർത്തു. തനിക്ക് വിവാഹമോചനത്തിൽ വിശ്വാസമില്ലെന്നും ഒരു ബന്ധത്തിൽ പൂർണ്ണ സന്തോഷവതിയാണെങ്കിൽ മാത്രമേ വിവാഹം കഴിക്കൂ എന്നും താരം വ്യക്തമാക്കി. തന്റെ ചുറ്റും വിജയകരമായ വിവാഹജീവിതങ്ങളും തകർന്ന ബന്ധങ്ങളും താൻ കണ്ടിട്ടുണ്ടെന്നും, ശരിയായ പങ്കാളിയെ കണ്ടെത്തുമ്പോൾ മാത്രമേ ആ ചുവടുവെപ്പ് നടത്തൂ എന്നും അതുവരെ താൻ ഒറ്റയ്ക്ക് സന്തോഷവതിയാണെന്നും തൃഷ പറഞ്ഞു.






