
ചെന്നൈ: സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിലുള്ള 717 സർക്കാർ മദ്യശാലകൾ അടച്ചുപൂട്ടാൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം ഈ ഷോപ്പുകൾ അടച്ചുപൂട്ടാനാണ് നിർദ്ദേശം. പൊതുജനക്ഷേമം മുൻനിർത്തിയാണ് മുഖ്യമന്ത്രി ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സർക്കാർ അറിയിച്ചു.
സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ വലിയൊരു ഭാഗം ടാസ്മാസ്ക് മദ്യവിൽപ്പനയിലൂടെയാണ് ലഭിക്കുന്നത്. 2025-ൽ ഇത് 48,000 കോടി രൂപയിലധികമായിരുന്നു. വിജയ് തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ലഹരി ഉപയോഗം കുറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു.
നിലവിൽ തമിഴ്നാട്ടിൽ 4,765 ടാസ്മാക് ഷോപ്പുകളാണ് പ്രവർത്തിക്കുന്നത്. ഇവയിൽ 717 എണ്ണമാണ് അടച്ചുപൂട്ടുന്നത് ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിക്കുള്ളിൽ ഉള്ളവയാണിവ. ആരാധനാലയങ്ങൾക്ക് സമീപം ഉള്ള 276 എണ്ണവും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപംമുള്ള 186 എണ്ണവും ബസ് സ്റ്റാൻഡുകൾക്ക് സമീപമുള്ള 255 എണ്ണവും ഇതിൽ ഉൾപ്പെടുന്നു.
നേരത്തെ ഡി.എം.കെ ഭരണകാലത്ത് ടാസ്മാക്കുമായി ബന്ധപ്പെട്ട പണമിടപാട് കേസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധനകൾ നടത്തിയിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും സുപ്രീം കോടതിയിലെ നിയമപോരാട്ടങ്ങൾക്കും വഴിവെച്ചിരുന്നു. ആ സാഹചര്യത്തിൽ വിജയ്യുടെ ഈ നീക്കം വലിയ രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നു.






