
അനുമതിയില്ലാതെ തന്റെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചുവെന്ന് ആരോപിച്ച് സാംസങ് ഇലക്ട്രോണിക്സിനെതിരെ നിയമനടപടിയുമായി ബ്രിട്ടീഷ് പോപ്പ് താരം ദുവ ലിപ. ടെലിവിഷന് സെറ്റുകളുടെ വിപണനത്തിനായി തന്റെ ചിത്രം നിയമവിരുദ്ധമായി ഉപയോഗിച്ചതിന് കുറഞ്ഞത് 15 മില്യണ് ഡോളര് (ഏകദേശം 125 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് താരം കാലിഫോര്ണിയ ഫെഡറല് കോടതിയില് ഹര്ജി നല്കിയത്.
വില്പനയ്ക്കുള്ള ടെലിവിഷനുകള് പാക്ക് ചെയ്ത ബോക്സുകള്ക്ക് മുന്വശത്ത് ദുവ ലിപയുടെ ചിത്രം സാംസങ് ഉള്പ്പെടുത്തിയെന്നാണ് പ്രധാന ആരോപണം. 'ദുവ ലിപ - ബാക്ക്സ്റ്റേജ് അറ്റ് ഓസ്റ്റിന് സിറ്റി ലിമിറ്റ്സ്, 2024' എന്ന ചിത്രമാണ് ഇതിനായി ഉപയോഗിച്ചത്. താരത്തിന്റെ പ്രശസ്തി ഉപയോഗപ്പെടുത്തി കമ്പനി ലാഭമുണ്ടാക്കാന് ശ്രമിച്ചുവെന്നും പകര്പ്പവകാശ ലംഘനം നടത്തിയെന്നുമാണ് കേസില് വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്ഷം തന്നെ ചിത്രം ഉപയോഗിക്കുന്നത് നിര്ത്താന് താരം സാംസങ്ങിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല് ഇത് അവഗണിച്ച് കമ്പനി നടപടി തുടരുകയാണെന്ന് ലിപയുടെ അഭിഭാഷകര് ആരോപിക്കുന്നു. താരത്തിന്റെ ചിത്രമുള്ള ബോക്സുകള് കണ്ട് ഉപഭോക്താക്കള് ഉല്പ്പന്നം വാങ്ങാന് പ്രേരിപ്പിക്കപ്പെട്ടുവെന്നും, ദുവ ലിപ ഈ ഉല്പ്പന്നം ഔദ്യോഗികമായി അംഗീകരിച്ചതാണെന്ന തെറ്റായ സന്ദേശമാണ് ഇത് നല്കുന്നതെന്നും ഇവര് വാദിക്കുന്നു.
പകര്പ്പവകാശ ലംഘനത്തിന് പുറമെ താരത്തിന്റെ ബ്രാന്ഡ് മൂല്യത്തെ തകര്ക്കാന് സാംസങ് ശ്രമിച്ചതായും പരാതിയില് പറയുന്നു. തെളിവായി സോഷ്യല് മീഡിയ സ്ക്രീന്ഷോട്ടുകളും കോടതിയില് ഹാജരാക്കിയിട്ടുണ്ട്. എന്നാല് ഈ വന് തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസുമായി ബന്ധപ്പെട്ട് സാംസങ് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല.







Comments