മാഡ്രിഡ്: ബാഴ്സലോണയുടെ സ്പാനിഷ് ലാ ലിഗ ഫുട്ബോള്‍ കിരീടം നേടിയ വിജയാഹ്ലാദത്തിനിടെ പലസ്തീന് പതാക ഉയര്‍ത്തി വീശി കൗമാര താരം ലാമിനെ യമാല്‍. ബാഴ്സലോണയിലെ റോഡുകളിലൂടെ തിങ്കളാഴ്ച നടന്ന ഓപ്പണ്‍ ടോപ്പ് ബസ് പരേഡിനിടെയാണ് താരം പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. മൊറോക്കോ, ഇക്വറ്റോറിയല്‍ ഗിനിയ വംശജരായ മാതാപിതാക്കളുടെ മകനായ യമാല്‍ പതാക വീശുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. എല്‍ ക്ലാസിക്കോയില്‍ റയാല്‍ മാഡ്രിഡിനെ 2-0 ത്തിനു തോല്‍പ്പിച്ചതോടെയാണു ബാഴ്സലോണ ലാ ലിഗ കിരീടം സ്വന്തമാക്കിയത്.
യമാലിനെ അനുകൂലിച്ചും വിമര്‍ശിച്ചും ആരാധകര്‍ രംഗത്തെത്തി. ലോകത്തെ മുന്‍നിര കായിക താരങ്ങളില്‍ ഒരാള്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് ശക്തമായ സന്ദേശമാണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. കായിക വേദിയില്‍ രാഷ്ര്ടീയ നിലപാടുകള്‍ ഉയര്‍ത്തുന്നതിനെതിരേ വിമര്‍ശനവും ഉയരുന്നുണ്ട്. ഭീകരതയെ പ്രതിനിധീകരിക്കുന്ന പതാകയാണ് താരം ഉയര്‍ത്തിയതെന്നും ഒരു ചാമ്പ്യന്‍ഷിപ്പ് ആഘോഷത്തിനിടെ ഇത് ചെയ്തത് ശരിയായില്ലെന്നും സാമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.
കഴിഞ്ഞ മാസമേറ്റ പരുക്കിനെ തുടര്‍ന്നു കളിക്കളത്തില്‍നിന്നു വിട്ടു നില്‍ക്കുകയാണ് 18 വയസുകാരനായ ലാമിനെ യമാല്‍. ജൂണ്‍ 11-ന് ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായി പൂര്‍ണ കായികക്ഷമത കൈവരിക്കുമെന്നാണ് സ്പെയിന്റെ പ്രതീക്ഷ. '' താങ്ക് ഗോഡ് അയാം നോട്ട് മാഡ്രിഡിസ്റ്റ'' എന്ന റയാല്‍ മാഡ്രിഡിനെ പരിഹസിക്കുന്ന തരത്തിലെഴുതിയ ടീ ഷര്‍ട്ടും യമാല്‍ പരേഡിനിടെ ഉയര്‍ത്തിക്കാട്ടിയിരുന്നു. പരേഡ് അഞ്ച് മണിക്കൂര്‍ നീണ്ടു. യമാലിനെ നിഷേധിക്കാനോ അംഗീകരിക്കാനോ ബാഴ്സലോണ കോച്ച് ഹാന്‍സി ഫ്ളിക്ക് തയാറായില്ല. 18 വയസുകാരനായ യമാലിന് നിലപാടെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നു ബാഴ്സ കോച്ച് വ്യക്തമാക്കി. കളിക്കളത്തിനു പുറത്തുള്ള സംഭവങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലാ ലിഗയില്‍ മൂന്ന് മത്സരങ്ങള്‍ കൂടി ശേഷിക്കുന്നുണ്ട്. മൂന്നും ജയിച്ച് 100 പോയിന്റ് നേടുകയാണു ലക്ഷ്യമെന്നും ഫ്ളിക്ക് വിശദീകരിച്ചു.





