
ന്യൂഡൽഹി: യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് ഉണ്ടാകുന്ന ആഗോള ഇന്ധന ക്ഷാമത്തെ മറികടക്കാൻ മാതൃകകൾ കാണിച്ചും നിർദേശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാക്രമീകരണങ്ങളിൽ മാറ്റം വരുത്താതെ പ്രധാനമന്ത്രി തന്റെ വാഹനവ്യൂഹത്തിന്റെ വലുപ്പം പകുതിയാക്കാൻ നിർദേശം നൽകി. വഡോദര, ഗുവാഹത്തി സന്ദർശനങ്ങളിൽ ഈ മാറ്റം ഇതിനോടകം നടപ്പിലാക്കി.
വാഹനവ്യൂഹത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കാൻ എസ്പിജിക്ക് നിർദ്ദേശം നൽകി. എന്നാൽ, ഇതിനായി പുതിയ വാഹനങ്ങൾ വാങ്ങരുതെന്നും നിലവിലുള്ളവ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടുക, ഇന്ധന ഉപഭോഗം കുറയ്ക്കുക, അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ഓൺലൈൻ മീറ്റിംഗുകൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ അടങ്ങിയ കർമ്മപദ്ധതി പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കൈമാറി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് എന്നിവരും തങ്ങളുടെ വാഹനവ്യൂഹത്തിന്റെ വലുപ്പം കുറയ്ക്കാൻ തീരുമാനിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി പൊതുജനങ്ങളും അനാവശ്യമായ യാത്രകൾ ഒഴിവാക്കി ഇന്ധന ഉപഭോഗം കുറയ്ക്കണം. വിദേശനാണ്യ ശേഖരത്തിന്മേലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനായി ഒരു വർഷത്തേക്ക് അത്യാവശ്യമല്ലാത്ത സ്വർണ്ണം വാങ്ങലുകൾ ഒഴിവാക്കണം. അവധിക്കാല വിദേശയാത്രകൾ ഒഴിവാക്കി പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകണം. സാധ്യമായ ഇടങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.






