
ബേസില്‍ ജോസഫ് പ്രധാന കഥാപാത്രമായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് അതിരടി. അരുണ്‍ അനിരുദ്ധെന്റ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ചിത്രം കണ്ട് സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് നടി സരിത ബാലകൃഷ്ണന്‍.
മലയാള സിനിമയില്‍ അടുത്ത കാലത്തിറങ്ങിയ ഏറ്റവും ഊര്‍ജ്ജസ്വലമായ ഒരു എന്റര്‍ടൈനര്‍ തന്നെയാണ് ' അതിരടി' എന്ന് സരിത ബാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു. ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവരുടെ പ്രകടനങ്ങളെയും താരം അഭിനന്ദിച്ചു. ചിരിക്കാനും ആസ്വദിക്കാനും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കണ്ണും പൂട്ടി ടിക്കറ്റ് എടുത്തോളൂ എന്നാണ് സരിത ബാലകൃഷ്ണന്‍ പറയുന്നത്.
''അതിരടി: ചിരിച്ചു മരിക്കാൻ റെഡി ആയിക്കോ, ഇത് ചിരി മഴയുടെ തമ്പുരാൻ കോട്ട! ധൈര്യം ആയി ടിക്കറ്റ് എടുത്തോ ചിരിക്കാതെ ഈ സിനിമ കണ്ടു തീർത്താൽ ടിക്കറ്റിന്റ ക്യാഷ് തിരിച്ചു കൊടുക്കാം എന്ന് ഉറപ്പു പറയാൻ പറ്റുന്ന അതിരടി . മലയാള സിനിമയിൽ അടുത്ത കാലത്തിറങ്ങിയ ഏറ്റവും ഊർജ്ജസ്വലമായ ഒരു എന്റർടൈനർ തന്നെയാണ് 'അതിരടി'. സ്ക്രീനിൽ ഓരോ നിമിഷവും ആവേശം നിറയ്ക്കുന്ന ഈ ചിത്രം പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തില്ല.ഒരു കമേഴ്സ്യൽ സിനിമ എങ്ങനെ ആവേശകരമായി എടുക്കാം എന്നതിന് 'അതിരടി' ഒരു മികച്ച ഉദാഹരണമാണ്. ഓരോ ഫ്രെയിമിലും സംവിധായകന്റെ കയ്യൊപ്പുണ്ട്. അതിവേഗത്തിലുള്ള എഡിറ്റിംഗും പശ്ചാത്തല സംഗീതവും നിങ്ങളെ സീറ്റിൽ പിടിച്ചിരുത്തും.
ഓരോ ഡയലോഗിലും ഓരോ എക്സ്പ്രഷനിലും ബേസിൽ സ്കോർ ചെയ്യുകയാണ്. ടൈമിംഗ് എന്ന് പറഞ്ഞാൽ അന്യായ ടൈമിംഗ്!മാസ്സും ക്ലാസ്സും ഇത്ര കൃത്യമായി മിക്സ് ചെയ്യാൻ ടോവിനോയ്ക്ക് അല്ലാതെ മറ്റാർക്കാണ് കഴിയുക? സ്ക്രീനിൽ പുള്ളി വരുന്നത് തന്നെ ഒരു വൈബാണ്. അത് വരെ ബേസിൽ നേടിയ കയ്യടി മുഴുവൻ ടോവീനോ തൂക്കി . പടത്തിന്റെ രണ്ടാം പകുതിയിൽ വിനീത് കൂടി എത്തുന്നതോടെ സീൻ മാറുകയാണ്. പടം അങ്ങേര് അക്ഷരാർത്ഥത്തിൽ 'തൂക്കി' എന്ന് തന്നെ പറയാം. ഷാൻ റഹ്മാൻ വിനീത് കോമ്പോ എന്നാ പൊളിയാ. അടുത്ത കാലത്തൊന്നും ഇത്രയും വയറു നിറയെ ചിരിച്ച ഒരു ക്ലൈമാക്സ് ഉണ്ടായിട്ടില്ല. സിനിമയുടെ അവസാനം ഒരു സര്‍പ്രൈസ് Cameo വരുന്നുണ്ട്. സത്യം പറയാമല്ലോ, ലാലേട്ടൻ സ്ക്രീനിൽ വരുമ്പോൾ ഉള്ള അതേ രോമാഞ്ചവും ഇഫക്റ്റും കൊണ്ടുവരാൻ ആ എൻട്രിക്ക് പറ്റിയിട്ടുണ്ട്. തീയേറ്ററിൽ ആ സമയം ഉണ്ടാകുന്ന ഓളം വിവരിക്കാൻ പറ്റില്ല. അങ്ങനെ വന്നവരെല്ലാം കയ്യടി മേടിച്ചു കൂട്ടി എന്ന് തന്നെ പറയാം. നിങ്ങൾ ചിരിക്കാനും ആസ്വദിക്കാനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ കണ്ണും പൂട്ടി ടിക്കറ്റ് എടുത്തോ. ഇത് പക്കാ Commercial Mass Entertainment ആണ്! ഓരോ ആക്ടറും അവരവരുടെ ഭാഗം പൊളിച്ചടുക്കി.
വാൽക്കഷ്ണം: ഈ പടം മിസ്സ് ചെയ്താൽ അത് നിങ്ങളുടെ മാത്രം നഷ്ടം! ഒന്നൊന്നര അതിരടിയാണ് ഇത്''- സരിത ബാലകൃഷ്ണന്‍ കുറിച്ചു.
ബേസിലിനെ കൂടാതെ ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍, ഷാന്‍ റഹ്മാന്‍, റിയ ഷിബു, സെറിന്‍ ഷിഹാബ്, ദര്‍ശന രാജേന്ദ്രന്‍, വിഷ്ണു അഗസ്ത്യ, ശാന്തിവിള ദിനേശ്, ജിയോ ബേബി, പി. സുകുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ. അനന്തു എസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.






