
ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മെയ് 21 നാണ് സിനിമ പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ ദൃശ്യം ചെയ്യാൻ തനിക്ക് പ്ലാൻ ഇല്ലായിരുന്നുവെന്ന് പറയുകയാണ് മീന. ആദ്യഭാഗത്തിന്റെ തിരക്കഥ കേട്ടപ്പോൾ ചെയ്യുന്നില്ല എന്നായിരുന്നു തീരുമാനം എന്നും ജിത്തുവിനെ കാണും മുന്നേ മമ്മൂക്കയാണ് സിനിമയിൽ നല്ല വേഷമാണെന്നു പറഞ്ഞ് നിർബന്ധിച്ചതെന്നും മീന പറഞ്ഞു.
'ദൃശ്യം ആദ്യഭാഗത്തിൽ അഭിനയിക്കാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ വേണ്ട എന്ന് പറഞ്ഞതാണ്. എന്ത് വിഢിത്തമാണ് ഞാൻ പറഞ്ഞതെന്ന് ഇപ്പോൾ തോന്നുന്നു. എന്റെ മകൾക്കപ്പോൾ രണ്ട് വയസുമാത്രമായിരുന്നു ഉണ്ടായിരുന്നത്. അവളെ വിട്ടിട്ട് വരാൻ പറ്റില്ലെന്ന് വിചാരിച്ചിട്ടാണ് അങ്ങനെ പറഞ്ഞത്. നല്ല തിരക്കഥയും കഥാപാത്രവുമൊക്കെയാണെങ്കിലും മകളെക്കുറിച്ചോർത്ത് വരാൻ പറ്റില്ലെന്ന് ആന്റണിയോട് പറഞ്ഞു.ജീത്തു എന്നെ വന്ന് കാണുന്നതിനും മുൻപ് ചിത്രത്തേക്കുറിച്ച് മമ്മൂക്ക പറഞ്ഞിരുന്നു.
നല്ല കഥാപാത്രമാണ്. നിനക്ക് നന്നായി ചേരും. ജീത്തു വന്ന് കഥ പറയും എന്നൊക്കെ അദ്ദേഹം പറഞ്ഞു. പക്ഷേ എനിക്ക് അപ്പോഴും ഉറപ്പില്ലായിരുന്നു. ആ കഥാപാത്രത്തെ പരിപൂർണതയിൽ അവതരിപ്പിക്കാൻ പറ്റുമോ എന്ന ആശങ്കയുണ്ടായിരുന്നു. കുറേ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. എങ്കിലും എനിക്കുവേണ്ടി എന്ത് സൗകര്യവും ചെയ്തുതരാമെന്ന് ആന്റണി പറഞ്ഞിരുന്നു. അങ്ങനെ ഞാൻ റാണി എന്ന കഥാപാത്രത്തോട് യെസ് പറഞ്ഞു,' മീനയുടെ വാക്കുകൾ.
ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വര്‍ഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തില്‍ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. ആദ്യ ഭാഗങ്ങളൊരുക്കിയ ജീത്തു ജോസഫ് തന്നെ വീണ്ടും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഇത്തവണയും വലിയ വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചിത്രത്തിന്റെ ടീസറും ട്രെയിലറും പ്രേക്ഷകരുടെ ആകാംക്ഷ് കൂട്ടിയിട്ടുണ്ട്. മീന, എസ്തർ അനിൽ, അൻസിബ, മുരളി ഗോപി, ആശ ശരത്, സിദ്ദിഖ്, സാന്തി മായാദേവി, വീണ നന്ദകുമാർ, ശിവ ഹരിഹരൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.






