റായ്പുര്‍: ട്വന്റി20 ക്രിക്കറ്റില്‍ 10 സെഞ്ചുറിയടിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവുമായി വിരാട് കോഹ്ലി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവിനായി സെഞ്ചുറിയടിച്ചതോടെയാണു കോഹ്ലി പുതിയ റെക്കോഡിട്ടത്.
ട്വന്റി20 യില്‍ പത്ത് സെഞ്ചുറികളുള്ള നാലാമത്തെ താരമാണ്. ക്രിസ് ഗെയ്ല് (22), ബാബര്‍ അസം (13), ഡേവിഡ് വാര്‍ണര്‍ (10) എന്നിവരാണു മുന്‍ഗാമികള്‍. ഐ.പി.എല്ലില്‍ കോഹ്ലിയുടെ ഒന്‍പതാം സെഞ്ചുറിയായിരുന്നു അത്. അതില്‍ മൂന്ന് സെഞ്ചുറികള്‍ പിന്തുടര്ന്നു നേടിയതാണ്.
ഐ.പി.എല്ലിലെ സെഞ്ചുറി കണക്കില്‍ രണ്ടാമന് ജോസ് ബട്ട്ലറാണ്. ഇംഗ്ലണ്ട് താരമായ ബട്ട്ലറിന് ഏഴ് സെഞ്ചുറികളാണ്. കൊല്‍ക്കത്തയ്ക്കെതിരേ കളിച്ചതോടെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടവും കോഹ്ലിയുടെ പേരിലായി. മുന്‍ നായകന് ഇതുവരെ 279 മത്സരങ്ങള്‍ കളിച്ചു.
രോഹിത് ശര്‍മയുടെയും എം.എസ്. ധോണിയുടെയും പേരിലായിരുന്ന (278) റെക്കോഡാണു കോഹ്ലി തിരുത്തിയത്. ഇതുവരെ 21 മത്സരങ്ങളില്‍ മാന്‍ ഓഫ് ദി മാച്ചായി. എ.ബി. ഡിവിലിയേഴ്സ് (25), ക്രിസ്് ഗെയ്ല് (22) എന്നിവര്‍ മാത്രമാണു മുന്നിലുള്ളത്. കൊല്‍ക്കത്തയ്ക്കെതിരേ റായ്പുരില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനു ജയിച്ചതോടെ ആര്.സി.ബി. ഒന്നാം സ്ഥാനത്തായി.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നാല് വിക്കറ്റിന് 192 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ആര്.സി.ബി. കളി തീരാന്‍ അഞ്ച് പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. കോഹ്ലി 60 പന്തില്‍ മൂന്ന് സിക്സറും 11 ഫോറുമടക്കം 105 റണ്ണുമായി പുറത്താകാതെനിന്നു. ജിതേഷ് ശര്‍മയാണ് (അഞ്ച് പന്തില്‍ എട്ട്) ഒപ്പമുണ്ടായിരുന്നത്. ആര്.സി.ബിക്ക് 12 കളികളില്‍നിന്ന് 16 പോയിന്റും കൊല്‍ക്കത്തയ്ക്ക് 11 കളികളില്‍നിന്ന് ഒന്‍പത് പോയിന്റമാണ്. എട്ടാം സ്ഥാനത്തുളള അവരുടെ പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഇല്ലാതായി.





