സിന്‍സിനാറ്റി: മേജര്‍ ലീഗ് സോക്കറില്‍ തകര്‍പ്പന്‍ ജയവുമായി ഇന്റര്‍ മയാമി. എഫ്.സി. സിന്‍സിനാറ്റിക്കെതിരേ നടന്ന എവേ മത്സരത്തില്‍ 5-3 നായിരുന്നു മയാമിയുടെ ജയം. ടി.ക്യു.എല്‍. സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മയാമിക്കായി സൂപ്പര്‍ താരം ലയണല്‍ മെസി ഇരട്ട ഗോളടിച്ചു. സില്‍വെറ്റി, ബെര്റ്റെറാമി എന്നിവര്‍ ഒരു ഗോള്‍ വീതമടിച്ചു. സിന്‍സിനാറ്റിയുടെ റോമന്‍ സെലന്റാനോയുടെ സെല്‍ഫ് ഗോളും മയാമിക്കു കൂട്ടായി. കെവിന് ഡെന്കി, പാവേല്‍ റൂചാ, ഇവാന്‍ഡര്‍ ഫെറേറ എന്നിവരാണു സിന്സിനാറ്റിക്കായി ഗോളടിച്ചത്.
13 കളികളില്‍നിന്ന് 25 പോയിന്റുള്ള മയാമി രണ്ടാം സ്ഥാനത്താണ്. 12 കളികളില്‍നിന്ന് 27 പോയിന്റുള്ള നാഷ്വിലെ എസ്.സിയാണ് ഒന്നാമത്. മെസി മത്സരത്തില്‍ ഒരു അസിസ്റ്റും കുറിച്ചു. ഇന്റര്‍ മയാമി തുടര്‍ച്ചയായ ഏഴാമത്തെ എവേ ജയമാണു നേടിയത്്. ഈ സീസണില്‍ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ഒരു മത്സരത്തില്‍ കുറഞ്ഞത് മൂന്ന് ഗോളുകളില്‍ പങ്കാളിയാകുന്നതു മൂന്നാം തവണയാണ്. 12 ഗോളുകളുമായി മെസി ലീഗില്‍ രണ്ടാം സ്ഥാനത്തുണ്ട്. പാറ്റ് നൂനാന്‍ 2023 ല്‍ കോച്ചായ ശേഷം ആദ്യമായാണു സിന്‍സിനാറ്റി ലീഡ് നേടിയ ശേഷം തോല്‍ക്കുന്നത്. 24-ാം മിനിറ്റില്‍ ഒരു ഡിഫ്ളറ്റക്റ്റഡ് ഷോട്ടിലൂടെ മെസി മയാമിയെ മുന്നിലെത്തിച്ചു. 41-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി ഡങ്കി സിന്‍സിനാറ്റിയെ ഒപ്പമെത്തിച്ചു. 49-ാം മിനിറ്റില്‍ ബുചയിലൂടെ സിന്‍സിനാറ്റി ലീഡ് പിടിച്ചു. വൈകാതെ ലൂയിസ് സുവാരസിന്റെ അസിസ്റ്റില്‍ മെസി ഗോളടിച്ചതോടെ സ്കോര്‍ തുല്യമായി.





