
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ സാധാരണക്കാരന്റെ 'പണം പിടിച്ചുപറിക്കാന്‍' തുടങ്ങിയെന്ന് ആക്ഷേപിച്ച് പ്രതിപക്ഷം. ഗ്യാസ്വില വര്‍ദ്ധനവിന് പിന്നാലെ ഇന്ധനവില ഉയര്‍ത്തുകയും ചെയ്തതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'പണപ്പെരുപ്പത്തിന്റെ ആശാന്' എന്ന് അധിക്ഷേപിക്കുകയും ചെയ്തു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 3 രൂപയോളം വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വെള്ളിയാഴ്ച കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.
തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സാധാരണക്കാരെ അമിത നികുതിഭാരം ഏറ്റി പീഡിപ്പിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സര്‍ക്കാര്‍ ജനങ്ങളുടെ പണം തട്ടിപ്പറിക്കാന്‍ തുടങ്ങിയെന്നും ആരോപിച്ചു. 'പണപ്പെരുപ്പക്കാരന് മോദി ഇന്ന് വീണ്ടും ജനങ്ങള്‍ക്ക് മേല്‍ ചാട്ടവാറടി നല്‍കിയിരിക്കുകയാണ്. പെട്രോളിനും ഡീസലിനും 3 രൂപ വീതവും സി.എന്‍.ജിക്ക് 2 രൂപയും വര്‍ധിപ്പിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞു, മോദിയുടെ പണപ്പിരിവ് ഡ്രൈവ് ആരംഭിച്ചുകഴിഞ്ഞു.' എക്സില്‍ രാഹുല്‍ കുറിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കീര്‍ത്തി ആസാദും ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. 'ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തതിന് അവര്‍ക്ക് തിരിച്ചു കിട്ടിയ സമ്മാനമാണിത്. പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞപ്പോള്‍ അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് കൈമാറാന്‍ കേന്ദ്രം തയ്യാറായില്ലെന്ന് ഡി.എം.കെ വക്താവ് ശരവണന് അണ്ണാദുരൈ കുറ്റപ്പെടുത്തി.
റീട്ടെയില്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നതിന് പകരം എക്സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് ഇന്ധനവിലയും കൂട്ടിയിരിക്കുന്നത്. ഇത് രാജ്യത്ത് പണപ്പെരുപ്പത്തിനും കുടുംബ ബജറ്റുകള്‍ തകിടം മറിയുന്നതിനും കാരണമാകുമെന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്. ഇന്ധന പാചകവാതക വിലവര്‍ധനവ് ചരക്കുകൂലിയെയും നിത്യോപയോഗ സാധനങ്ങളുടെ വിലയെയും സാരമായി ബാധിച്ചേക്കും.
പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലും കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ന്യായീകരിച്ച് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. ആഗോളതലത്തിലെ അസ്ഥിരതയും എണ്ണക്കമ്പനികള്‍ നേരിടുന്ന വന്‍ നഷ്ടവുമാണ് വിലവര്‍ധനവിന് കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ലോകം യുദ്ധങ്ങള്‍ക്കും ഒന്നിലധികം അന്താരാഷ്ട്ര പ്രതിസന്ധികള്‍ക്കും സാക്ഷ്യം വഹിക്കുകയാണെന്നും എന്നാല്‍ പ്രധാനമന്ത്രി മോദി ഇന്ത്യക്കാരെ ഇതിന്റെ കടുത്ത ആഘാതങ്ങളില്‍ നിന്ന് വലിയ രീതിയില്‍ സംരക്ഷിച്ചുവെന്നും പശ്ചിമ ബംഗാളില്‍ നിന്നുള്ള ബി.ജെ.പി നേതാവ് ദിലീപ് ഘോഷ് പറഞ്ഞു. എണ്ണക്കമ്പനികള്‍ക്ക് 'ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം' ഉണ്ടായിട്ടുണ്ടെന്നും ആവശ്യമായ ഏറ്റവും കുറഞ്ഞ വര്‍ധനവ് മാത്രമാണ് ഇപ്പോള്‍ വരുത്തിയിട്ടുള്ളതെന്നും അദ്ദേഹം വാദിച്ചു.






