
കരിയറിലുടനീളം നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും താൻ ശസ്ത്രക്രിയ നടത്തിയെന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് നടി കീർത്തി സുരേഷ്. താൻ കുറച്ച് തടിച്ചിരുന്നപ്പോൾ മെലിയാൻ ആവശ്യപ്പെട്ടവർ തന്നെ, ഇപ്പോൾ കഠിനാധ്വാനത്തിലൂടെ മെലിഞ്ഞപ്പോൾ പഴയ ലുക്കായിരുന്നു നല്ലതെന്ന് പറയുന്നതിലെ വിരോധാഭാസത്തെ താരം ശക്തമായി ചോദ്യം ചെയ്തു. ലോകം എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് തനിക്ക് അത്ഭുതം തോന്നുന്നുവെന്നും താരം തന്റെ കുറിപ്പിൽ വ്യക്തമാക്കി.
‘ഇത് പങ്കുവെക്കാൻ പറ്റിയ ഏറ്റവും നല്ല സമയം .എന്റെ ഫിറ്റ്‌നസ് യാത്രയെക്കുറിച്ച് ഞാൻ ഇതുവരെ അങ്ങനെ സംസാരിച്ചിട്ടില്ല. അത് എന്റെ ഏറ്റവും വലിയ അധ്യാപകനായിരുന്നു. ഓരോ ദിവസവും എന്റെ ശരീരത്തെക്കുറിച്ചും എന്നെക്കുറിച്ച് തന്നെയും ഞാൻ പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്.
2013-ൽ ഞാൻ ഒരു നടിയായി കരിയർ ആരംഭിക്കുമ്പോൾ, എനിക്കൊന്നും അറിയില്ലായിരുന്നു. പലരെയും പോലെ, ജിം എനിക്കുള്ളതല്ലെന്നാണ് ഞാനും കരുതിയത്. എന്റെ ശരീരത്തിന് യഥാർത്ഥത്തിൽ ആവശ്യമായിരുന്ന അടിസ്ഥാന കാര്യങ്ങൾ ഞാൻ അവഗണിച്ചു.2018-ൽ 'മഹാനടി'ക്ക് ശേഷം കിട്ടിയ ഒരു ഇടവേളയിലാണ്, "എന്തുകൊണ്ട് ഇതൊന്ന് ശ്രമിച്ചുകൂടാ?" എന്ന് ഞാൻ ചിന്തിച്ചത്.
അങ്ങനെ ഞാൻ ഉയർന്ന പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണക്രമത്തോടൊപ്പം എച്ച്.ഐ.ഐ.ടി , കാർഡിയോ വ്യായാമങ്ങൾ ചെയ്യാൻ തുടങ്ങി. 9 മാസം കൊണ്ട് 10 കിലോ കുറച്ചു. എനിക്ക് വലിയ അഭിമാനം തോന്നിയിരുന്നു; ആളുകൾ എന്നെ 'ക്ഷീണിച്ചവൾ/ എന്ന് വിളിക്കുകയും ഞാൻ 'സർജറികൾ' ചെയ്തിട്ടുണ്ടെന്ന് പറയുകയും ചെയ്യുന്നത് വരെ.
എന്റെ മുഖത്തിന്റെ കാര്യത്തിൽ പോലും ഞാൻ എപ്പോഴും സ്വാഭാവികത നിലനിർത്താൻ ആഗ്രഹിച്ച ആളാണ്. അതുകൊണ്ട് തന്നെ ആ വാക്കുകൾ എന്നെ ചെറുതായി വേദനിപ്പിച്ചു. കാരണം എന്റെ കഠിനാധ്വാനത്തെയാണ് അവർ ഒരു കത്തിക്ക് താഴെ വെച്ച് വിലയിരുത്തിയത്, അത് വിഷമിപ്പിച്ചു
ഒടുവിൽ, 2020-ൽ ഞാൻ യോഗയിലേക്ക് തിരിഞ്ഞു. അത് എല്ലാം മാറ്റിമറിച്ചു. അത് എനിക്ക് സമനിലയും ആത്മവിശ്വാസവും നൽകി, ഒപ്പം എനിക്ക് അനുയോജ്യമെന്ന് തോന്നിയ രീതിയിൽ എന്നെത്തന്നെ പരിപാലിക്കാനുള്ള ഒരു വഴിയും കാട്ടിത്തന്നു.
പക്ഷേ, കാലക്രമേണ ഞാൻ ആ സത്യം മനസ്സിലാക്കി: ജിം കൊണ്ട് ഫലമുണ്ടായിരുന്നു! ഞാൻ അത് ശരിയായ രീതിയിലല്ല ചെയ്തിരുന്നതെന്ന് മാത്രം. ഒപ്പം സ്ട്രെങ്ത് ട്രെയിനിംഗ് (ശരീരബലം കൂട്ടാനുള്ള വ്യായാമം) എത്രത്തോളം പ്രധാനമാണെന്നും ഞാൻ മനസ്സിലാക്കി.
ഇപ്പോൾ, എന്റെ വ്യായാമമുറകളുടെ പ്രധാന അടിത്തറ സ്ട്രെങ്ത് ട്രെയിനിംഗ് ആണ്. അതിനൊപ്പം യോഗ, അനിമൽ ഫ്ലോ, കാർഡിയോ, കാലിസ്‌തെനിക്‌സ് എന്നിവയും ഞാൻ സമന്വയിപ്പിക്കുന്നു. സത്യം പറഞ്ഞാൽ, എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും മികച്ചതായി തോന്നുന്ന സമയം ഇതാണ്. ഇപ്പോൾ ഞാൻ എന്റെ ശരീരത്തിന് നൽകുന്ന സ്നേഹവും പരിചരണവും ഉണ്ടല്ലോ, അത് ഇവിടെ നിന്ന് മുന്നോട്ട് പോകുന്തോറും കൂടുതൽ നന്നാവുകയേ ഉള്ളൂ എന്ന് എനിക്കറിയാം!
ഒരുകാലത്ത് "എനിക്ക് പറ്റിയതല്ല" എന്ന് കരുതിയ കാര്യം ഇന്ന് എനിക്ക് ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുന്നു. ഇന്ന് ഞാൻ ഈ നിലയിൽ എത്തിയതിൽ എനിക്ക് അഭിമാനമുണ്ട്, എങ്കിലും ഇപ്പോഴും ചിലർ വന്ന്, ഞാൻ പണ്ട് കുറച്ച് തടിച്ച കുട്ടിയായിരുന്നപ്പോഴായിരുന്നു കൂടുതൽ ഭംഗി എന്ന് അഭിപ്രായം പറയാറുണ്ട്. നിങ്ങൾ തടിച്ചിരിക്കുമ്പോൾ അവർക്ക് നിങ്ങൾ ഫിറ്റ് ആകണം, എന്നാൽ മെലിയുമ്പോൾ അവർക്ക് നിങ്ങൾ വീണ്ടും തടിക്കണം. ഈ ലോകം എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ഓർത്ത് ചിലപ്പോഴൊക്കെ അത്ഭുതം തോന്നാറുണ്ട് .
അടുത്ത കാലത്തായി എനിക്ക് ശാരീരികമായും മാനസികമായും ചില തിരിച്ചടികൾ ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാൻ എവിടെയും സജീവമല്ലായിരുന്നു . പക്ഷേ ഈ യാത്ര എന്നെ ഒരു കാര്യം ഓർമ്മിപ്പിക്കുന്നു: ഏതെങ്കിലും ഘട്ടത്തിൽ എനിക്ക് തളരുകയോ, അല്പം വിശ്രമിക്കുകയോ, അല്ലെങ്കിൽ നിർത്തുകയോ ചെയ്യേണ്ടി വന്നാൽ ഞാൻ അത് ചെയ്യും; പക്ഷേ ഞാൻ ഒരിക്കലും തോറ്റു കൊടുക്കില്ല!നേരിടാൻ ഞാൻ തയ്യാറാണ് ’കീര്‍ത്തി കുറിച്ചു.
നിരവധിപ്പേരാണ് കീര്‍ത്തിയുടെ കുറിപ്പിന് പ്രതികരണങ്ങളുമാശയത്തിയത്. ആരാധകര്‍ക്ക് പുറമെ കല്യാണി പ്രിയദര്‍ശന്‍, മഞ്ജിമ മോഹന്‍, അതുല്യ രവി തുടങ്ങിയ സെലിബ്രിറ്റികളും കീര്‍ത്തിയെ പിന്തുണച്ചെത്തി. തെലുങ്കില്‍ ഉപ്പ് കാപ്പുറമ്പ്, തമിഴില്‍ റിവോള്‍വര്‍ റീത്ത എന്നീ ചിത്രങ്ങളാണ് കീര്‍ത്തിയുടേതായി പുറത്തിറങ്ങിയത്.






