
യുഎഇയില്‍ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കൊക്കെയ്ൻ കടത്താൻ ശ്രമിച്ച വിദേശി പിടിയിൽ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കൊക്കെയ്ൻ കടത്താൻ ശ്രമിച്ച ആഫ്രിക്കൻ സ്വദേശിയെയാണ് പിടികൂടിയത്. യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് നടത്തിയ വിദഗ്ധ പരിശോധനയിൽ കുടലിനുള്ളിൽ അസാധാരണമായ വസ്തു കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് 1,418 ഗ്രാം തൂക്കം വരുന്ന 100 കൊക്കെയ്ൻ കാപ്സ്യൂളുകൾ പുറത്തെടുത്തത്. പതിവ് പരിശോധനയ്ക്കിടെ യാത്രക്കാരന്റെ പെരുമാറ്റത്തിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതാണ് വഴിത്തിരിവായത്. അത്യാധുനിക സ്കാനിംഗ് സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് വിധേയനാക്കിയതോടെ മയക്കുമരുന്ന് കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്ന് അധികൃതർ കണ്ടുകെട്ടി. യാത്രക്കാരനെതിരെ നിയമനടപടികൾ പൂർത്തിയാക്കി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.






