വാഷിങ്ടണ്‍: അദാനി ഗ്രൂപ്പ് ചെയര്‍പഴ്സണ്‍ ഗൗതം അദാനിക്കെതിരായ വഞ്ചനാക്കുറ്റങ്ങള്‍ പിന്‍വലിക്കാന്‍ അമേരിക്ക തയാറെടുക്കുന്നതായി വിവരം. അമേരിക്കന്‍ നീതിന്യായ വകുപ്പ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതായി ദ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സൗരോര്‍ജ കരാറുകള്‍ക്കായി ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നതിനായി 265 മില്യണ്‍ ഡോളറിന്റെ തട്ടിപ്പ് പദ്ധതി ആസൂത്രണം ചെയ്തതിനും തുടര്‍ന്ന് കമ്പനിയുടെ കൈക്കൂലി വിരുദ്ധ രീതികള്‍ യു.എസിലെ നിക്ഷേപകര്‍ക്ക് തെറ്റായി അവതരിപ്പിച്ചതിനും 2024 നവംബറില്‍ ഗൗതം അദാനിയെയും അനന്തരവന് സാഗര്‍ അദാനിയെയും യു.എസ് അധികൃതര്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ധനസഹായം ഉറപ്പാക്കാന്‍ കൈക്കൂലി സംബന്ധിച്ച വിശദാംശങ്ങള്‍ മറച്ചുവച്ചതായി യു.എസ്. നീതിന്യായ വകുപ്പ് ആരോപിച്ചിരുന്നു. യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്വകാര്യ അഭിഭാഷകരില്‍ ഒരാളുടെ നേതൃത്വത്തിലുള്ള അഭിഭാഷകസംഘത്തെ കേസിന്റെ തുടര്‍നടപടികള്‍ക്കായി ഗൗതം അദാനി നിയമിച്ചതിനു ശേഷമാണ് കുറ്റപത്രം പിന്‍വലിക്കാനുള്ള തീരുമാനം വന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രിലില്‍ വാഷിങ്ടണിലെ നീതിന്യായ വകുപ്പിന്റെ ആസ്ഥാനത്തുവച്ച് ഇവരില്‍ പ്രധാനി യു.എസ്. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഗൗതം അദാനിക്കെതിരായ കുറ്റപത്രം പിന്‍വലിച്ചാല്‍ യു.എസ്. സമ്പദ്വ്യവസ്ഥയില് 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നും 15,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും അഭിഭാഷക സംഘം വാഗ്ദാനം ചെയ്തതായും ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയിലുണ്ട്.
അതിനിടെ യു.എസ്. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മിഷന് ഫയല്‍ ചെയ്ത സമാന്തര കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആറു മില്യണ്‍ ഡോളര്‍ നല്കാന് അദാനി ഗ്രൂപ്പ് ചെയര്‍പഴ്സണ്‍ സമ്മതിച്ചതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.




