
ബെയ്ജിങ്: ചൈനയുമായി അതിശയകരമായ വ്യാപാര കരാറുകളില്‍ ഏര്‍പ്പെട്ടെന്നും നിരവധി തര്‍ക്കങ്ങള്‍ പരിഹരിച്ചെന്നും യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി നടന്ന രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ബന്ധമെന്നു പറഞ്ഞ് ഇരുരാജ്യങ്ങളും പരസ്പരം പ്രശംസിച്ചു. ചര്‍ച്ചകള്‍ വിജയകരമായിരുന്നെന്ന് ഇരുരാജ്യങ്ങളും പറഞ്ഞെങ്കിലും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടതായി സ്ഥിരീകരണമില്ല. ഇതു സംബന്ധിച്ചു പ്രഖ്യാപനവുമുണ്ടായില്ല.
തായ്വാനും ചൈനയുമായുള്ള തര്‍ക്കവിഷയത്തില്‍ തല്ക്കാലം കൂടുതല്‍ ഇടപെടലിനില്ലെന്ന സൂചനയാണു ട്രംപ് നല്‍കിയത്. തായ്വാനിലെ ചൈനയുടെ അവകാശവാദങ്ങള്‍ തെറ്റായി കൈകാര്യം ചെയ്യുന്നത് 'ഏറ്റുമുട്ടലുകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും' കാരണമാകുമെന്നു ട്രംപിനോടു ഷി പറഞ്ഞിരുന്നു. ഉച്ചകോടിക്കു ശേഷം അലാസ്കയിലേക്കുള്ള യാത്രാമധ്യേ, തായ്വാന് ആയുധം വില്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നു ട്രംപ് 'എയര്‍ഫോഴ്സ് വണ്ണി'ല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇറാന് യുദ്ധവും ഹോര്‍മുസ് കടലിടുക്കിന്റെ ഉപരോധവും ചര്‍ച്ചയായി. എന്നാല്‍, മാസങ്ങള്‍ നീണ്ട യുദ്ധം അവസാനിപ്പിക്കാന്‍ ഷിയോടു ട്രംപ് സഹായം ചോദിച്ചില്ലെന്നു യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.
ആണവനിരായുധീകരണം സംബന്ധിച്ചു റഷ്യയുമായും ചൈനയുമായും ചര്‍ച്ചചെയ്യാറുണ്ടെന്നും ഇപ്പോഴും വിജയം ഉയര്‍ന്നുവന്നെന്നും പറഞ്ഞ ട്രംപ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല.
ഇറാനിയന്‍ എണ്ണ വാങ്ങുന്ന ചൈനീസ് എണ്ണക്കമ്പനികള്‍ക്കെതിരായ ഉപരോധം പിന്‍വലിക്കുമോ എന്ന ചോദ്യത്തിനും ഉടന്‍ തീരുമാനമെടുക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി.
ജിമ്മി ലായ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയത്തടവുകാരുടെ വിഷയവും ഷിയുമായുള്ള ചര്‍ച്ചയില്‍ ഉന്നയിച്ചതായി ട്രംപ് പറഞ്ഞു.




