
തൊടുപുഴ: കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ഇരട്ടിമധുരമായി ഏഴുജോഡി ഇരട്ടകളുടെ വിജയം. ഇത്തവണയും മികച്ച വിജയം നേടിയ സെന്റ് ജോസഫില്‍ പത്താംക്ലാസ് പരീക്ഷ എഴുതിയ 345 കുട്ടികളില്‍ 14 പേര്‍ ഇരട്ടകളായെന്നത് സ്‌കൂള്‍ ചരിത്രത്തിലും ആദ്യമാണ്. നാലു ആണ്‍കുട്ടികളും പത്ത് പെണ്‍കുട്ടികളുമാണ് ഈ മിടുക്കര്‍ ഇതില്‍ പലരും അധ്യാപകര്‍ പ്രതീക്ഷിച്ചതുപോലെ ഫുള്‍ എ പ്ലസ് അടക്കംവാങ്ങി ഉന്നതവിജയവും കരസ്ഥമാക്കിയിട്ടുണ്ട്. ചിട്ടയായ പഠനത്തിലൂടെയാണ് ഈ വിജയമെന്ന് ഇവര്‍ പറയുന്നു.
ഒരു കുടുബത്തിലുള്ളവര്‍ നഴ്‌സറി തലം മുതല്‍ ഒരേ ക്ലാസിലാണ് പഠിച്ച് വന്നിരുന്നതെന്ന പ്രത്യേകതയുമുണ്ട്. അമയപ്ര പുല്ലോപ്പള്ളില്‍ ബിജു - രശ്മി ദമ്പതികളുടെ മക്കളായ ഗോകുല്‍കൃഷ്ണ ബിജു, ഗൗതംകൃഷ്ണ ബിജു, തൊമ്മന്‍കുത്ത് കാരുവേലില്‍ ബിജോ - അനില ദമ്പതികളുടെ മക്കളായ എയ്ഞ്ചല്‍ മരിയ ബിജോ, ആജല്‍ മരിയ ബിജോ, കലയന്താനി നിരവനാനിക്കല്‍ ജോമോന്‍ - ജിഷ ദമ്പതികളുടെ മക്കളായ കാര്‍ത്തിക ജോമോന്‍, കീര്‍ത്തന ജോമോന്‍, ചീനിക്കുഴി ചോളംമാക്കല്‍ ഷിബു - ജിബി ദമ്പതികളുടെ മക്കളായ ജിയ ഷിബു, ജിയന്ന ഷിബു, പന്നൂര്‍ ആലപ്പാട്ട് ദിലീപ് -മഞ്ജു ദമ്പതികളുടെ മക്കളായ നവനീത് ദിലീപ്, നയന ദിലീപ്, ഏഴുമുട്ടം ചീരാംകുന്നേല്‍ ജെയ്‌സണ്‍ - ഷിജി ദമ്പതികളുടെ മക്കളായ ജെസ് വിവിന്‍ ജെയ്‌സണ്‍, ജുലീന ജെയ്‌സണ്‍, ചിലവ് കാനത്തില്‍ ബേബി - ബീന ദമ്പതികളുടെ മക്കളായ അനില ബേബി, അഖില ബേബി എന്നിവരാണിവര്‍.
ഇതിന്പുറമേ ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം കാഞ്ഞിരമറ്റം ഗവ. ഹൈസ്‌കൂളിന് ത്രിമധുരമാണ്. ആകെ ലഭിച്ച മൂന്ന് എ പ്ലസുകളും ഒരു കുടുംബത്തില്‍ നിന്നുള്ളതാണ് എന്നതാണ് പ്രത്യേകത. കാഞ്ഞിരമറ്റം മുടക്കാലി പുത്തന്‍പുരയില്‍ സതീഷിന്റെ മകള്‍ അശ്വനി, സുശീലിന്റെ മകന്‍ അജിത്ത്, സുരേഷിന്റെ മകള്‍ ആതിര എന്നിവരാണ് തിളക്കമാര്‍ന്ന വിജയം നേടിയത്. റിട്ട. വ്യോമസേന ഉദ്യോഗസ്ഥന്‍ എം.സി അപ്പുക്കുട്ടന്‍, രത്‌നമ്മ ദമ്പതികളുടെ പേരമക്കളാണ് മൂവരും. കാഞ്ഞിരമറ്റം ഗവ. ഹൈസ്‌കൂള്‍ തുടര്‍ച്ചയായി 13 വര്‍ഷം 100 ശതമാനം എസ്.എസ്.എല്‍.സി വിജയം കരസ്ഥമാക്കി. വിജയം സമ്മാനിച്ച വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പി.ടി.എ ഭാരവാഹികള്‍ക്കും നന്ദി അറിയിക്കുന്നതായി ഹെഡ്മിസ്ട്രസ് അമ്പിളി അപ്പുക്കുട്ടന്‍ പറഞ്ഞു.






