
നാട്ടിലെ വീടുകള്‍ക്ക് എന്തെങ്കിലും ചെറിയ കേടുപാടുകള്‍ സംഭവിച്ചാല്‍ നമ്മള് പെട്ടെന്ന് തന്നെ അതിന് പരിഹാരം കാണാറുണ്ട്. പ്ലംബിങ് പണികളോ മറ്റ് അറ്റകുറ്റപ്പണികളോ ആണെങ്കില്‍ നാട്ടില്‍ വലിയ തുകയൊന്നും ഇതിനായി ചെലവാകില്ല. എന്നാല്‍ വിദേശരാജ്യങ്ങളില്‍ സ്ഥിതി ഇതല്ല. അവിടെ അടിസ്ഥാന സേവനങ്ങള്‍ ലഭ്യമാകണമെങ്കില്‍ പോലും വലിയ തുക കൈയില്‍ നിന്ന് നല്‍കേണ്ടി വരും. ഇത്തരത്തില്‍ അമേരിക്കയിലെ ഉയര്‍ന്ന ജീവിതച്ചെലവിനെക്കുറിച്ച് ഒരു ഇന്ത്യന്‍ വംശജ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
അമേരിക്കയില്‍ താമസിക്കുന്ന അമൃത സിങ് എന്ന ഇന്ത്യന്‍ വംശജയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഈ അനുഭവം പങ്കുവെച്ചത്. വീട്ടിലെ വളരെ ചെറിയൊരു ജലചോര്‍ച്ച പരിഹരിക്കാനായി പ്ലംബര്‍ക്ക് നല്‍കേണ്ടി വന്ന തുക കേട്ട് താന്‍ ഞെട്ടിപ്പോയെന്ന് അമൃത വീഡിയോയില്‍ പറയുന്നു. വെറും മിനിറ്റുകള്‍ മാത്രം എടുത്ത ഈ ചെറിയ അറ്റകുറ്റപ്പണിക്ക് 250 ഡോളറാണ് (ഏകദേശം 21,000 മുതല്‍ 23,000 വരെ ഇന്ത്യന്‍ രൂപ) ഇവര്‍ക്ക് ചെലവായത്.
അമേരിക്കയില്‍ വീട്ടിലെ പണികള്‍ എത്ര ചെറുതാണെങ്കിലും 100 മുതല്‍ 200 ഡോളര്‍ വരെ വളരെ എളുപ്പത്തില്‍ ചെലവാകുമെന്നാണ് അമൃത പറയുന്നത്. ചെറിയ ജോലിയാണെങ്കില്‍ പോലും ഇവിടെ അധ്വാനത്തിനുള്ള കൂലി വളരെ കൂടുതലാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒരു രാജ്യത്ത് സാധാരണമായി തോന്നുന്ന ദൈനംദിന ചെലവുകള്‍ മറ്റൊരു രാജ്യത്ത് എത്രത്തോളം വ്യത്യസ്തവും ഉയര്‍ന്നതുമായിരിക്കും എന്നതിന് ഉദാഹരണമാണ് അമൃതയുടെ ഈ വീഡിയോ.
വീഡിയോ വൈറലായതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ജീവിതച്ചെലവിലെ വലിയ വ്യത്യാസത്തെക്കുറിച്ച് സൈബറിടത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമായി. ഇതേ പണി ഇന്ത്യയിലാണെങ്കില്‍ പരമാവധി 500 മുതല്‍ 1000 രൂപയ്ക്കുള്ളില്‍ തീരുമെന്ന് പലരും കമന്റ് ചെയ്തു. എന്നാല്‍ അമേരിക്കയിലെ വരുമാന നിലവാരം ഇന്ത്യയെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നും, അവിടെ ജീവിക്കുന്ന ആളുകളുടെ വേതന വ്യവസ്ഥ അനുസരിച്ചാണ് ലേബര്‍ ചാര്‍ജുകള്‍ ഇത്രയും ഉയര്‍ന്നു നില്‍ക്കുന്നതെന്നും മറ്റു ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.






