
ജര്‍മ്മനിയിലെ ഒരു കടയില്‍ ഉപഭോക്താക്കളെ സാധനങ്ങള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ഒരു ഹ്യൂമനോയിഡ് റോബോട്ടാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് പങ്കുവെച്ച ഈ 'സ്മാര്‍ട്ട് റീട്ടെയില്‍ അസിസ്റ്റന്റ്' റോബോട്ടിന്റെ വീഡിയോ നെറ്റിസണ്‍സിനെ ഏറെ ആകര്‍ഷിച്ചു കഴിഞ്ഞു. പതിറ്റാണ്ടുകളായി മനുഷ്യര്‍ മാത്രം ചെയ്തുപോന്നിരുന്ന പരമ്പരാഗതമായ സെയില്‍സ് അസിസ്റ്റന്റ് ജോലികള്‍ക്ക് പകരമായി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നമ്മുടെ ഷോപ്പിങ് അനുഭവങ്ങളെ എത്രത്തോളം വേഗത്തിലാണ് മാറ്റിമറിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ പുതിയ പരീക്ഷണം.
കടയിലെത്തുന്ന ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നത് മനുഷ്യരായ ജീവനക്കാരല്ല, മറിച്ച് 'ഷോട്ടി' എന്ന് പേരിട്ടിട്ടുള്ള ഒരു ഹ്യൂമനോയിഡ് റോബോട്ടാണ്. അത്യാധുനിക സെന്‍സറുകള്‍, വോയ്സ് റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ, എഐ അടിസ്ഥാനമാക്കിയുള്ള നാവിഗേഷന്‍ സംവിധാനങ്ങള്‍ എന്നിവയടങ്ങിയ 'ഷോട്ടി' ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് തത്സമയം മറുപടി നല്‍കുകയും, അവര്‍ക്കാവശ്യമുള്ള സാധനങ്ങള്‍ ഇരിക്കുന്ന സെക്ഷനുകളിലേക്ക് വഴികാട്ടുകയും ചെയ്യുന്നുണ്ട്. നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെങ്കിലും, കടയിലെത്തുന്ന ആളുകള്‍ വളരെ കൗതുകത്തോടെയും സജീവമായും ഈ റോബോട്ടുമായി സംവദിക്കുന്നതായി വീഡിയോയില്‍ കാണാം.
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനും കടകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും ലോകമെമ്പാടുമുള്ള വ്യാപാരികള്‍ ഇപ്പോള്‍ എഐ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതിന്റെ തെളിവാണ് ഈ പരീക്ഷണം. ഇത്തരം റോബോട്ടുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗതയേറിയതും വ്യക്തിഗതവുമായ അനുഭവം നല്കാന് സാധിക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. തിരക്കേറിയ സമയങ്ങളില്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കാനും, ആളുകളുടെ ഷോപ്പിങ് താല്പര്യങ്ങള് മനസ്സിലാക്കി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഇവയ്ക്ക് കഴിയും. മനുഷ്യരുടെ സാനിധ്യവും വികാരങ്ങളും മാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന മേഖലകളിലേക്ക് പോലും വലിയ തോതില്‍ ഓട്ടോമേഷന്‍ കടന്നുവരുന്നതിന്റെ സൂചന കൂടിയാണിത്.







Comments