
തമിഴ് സിനിമാ ലോകത്ത് ഏറെ ചർച്ചയായ ഒന്നായിരുന്നു നടൻ രവി മോഹന്റെയും മുൻ ഭാര്യ ആരതിയുടെയും വേർപിരിയൽ. പരസ്പരം പഴിചാരിക്കൊണ്ട് ഇരുവരും സോഷ്യൽ മീഡിയയിൽ പലപ്പോഴും രംഗത്തെത്തിയിരുന്നു. ഗായിക കെനിഷ ഫ്രാൻസിസുമായുള്ള രവി മോഹന്റെ ബന്ധമാണ് തങ്ങളുടെ വിവാഹമോചനത്തിന് കാരണമായതെന്ന് ആരതി ആരോപിക്കുകയും ചെയ്തിരുന്നു.
വേർപിരിയലിന് ശേഷം കെനിഷയും രവി മോഹനും പല പൊതുവേദികളിലും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം രവി മോഹനുമായുള്ള സൗഹൃദം താൻ അവസാനിപ്പിക്കുകയാണെന്ന് കെനിഷ വ്യക്തമാക്കുകയുണ്ടായി. ഈ വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെ, ശക്തമായ മുന്നറിയിപ്പുമായി ആരതി രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ നിശബ്ദതയെ ആരും ബലഹീനതയായി കാണരുതെന്നും, മക്കൾക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ താൻ തയ്യാറാണെന്നും ഇൻസ്റ്റാഗ്രാമിലൂടെ ആരതി വ്യക്തമാക്കി.‘ ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഉണർത്താൻ ശ്രമിക്കരുത്. ഇനി അതൊരു പെൺസിംഹമാണെങ്കിൽ നിങ്ങളെ രക്ഷിക്കാൻ ഒരു ദൈവം തന്നെ വരേണ്ടി വരും. എന്റെ മാന്യമായ നിശബ്ദതയെ ഒരിക്കലും ബലഹീനതയായി കാണുകയോ ചൂഷണം ചെയ്യാൻ നോക്കുകയോ ചെയ്യരുത്. എന്റെ മക്കളെയും എന്റെ അന്തസ്സിനെയും സംരക്ഷിക്കാൻ ആവശ്യമായി വന്നാൽ, ഞാൻ സുരക്ഷിതവലയത്തിൽ നിന്നും പുറത്തുകടന്ന് സത്യവുമായി ഈ ലോകത്തെ നേരിടും. കാരണം, സത്യം എപ്പോഴും വിജയിക്കുക തന്നെ ചെയ്യും.’ആരതിയുടെ വാക്കുകൾ.
നടി ഖുശ്ബു അടക്കമുള്ളവർ വിഷയത്തിൽ ആർതിയെ പിന്തുണച്ച് രംഗത്തെത്തി. ‘‘ഒരു അമ്മയോടും ഏറ്റുമുട്ടാൻ നിൽക്കരുത്. അവൾ അവളുടെ കുഞ്ഞുങ്ങളോടൊപ്പമുള്ള ഒരു പെൺ സിംഹമാണ്. എന്റെ കുഞ്ഞേ, നിനക്ക് കൂടുതൽ ശക്തിയുണ്ടാവട്ടെ.’’- ഖുശ്ബു മറുപടിയായി കുറിച്ചു.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വൈകാരികമായ കുറിപ്പിൽ വ്യാജ കഥകളും ഓൺലൈൻ പീഡനങ്ങളും തന്നെ മാനസികമായി തളർത്തിയെന്നും തന്റെ സംഗീതവും തെറാപ്പിയും ഉൾപ്പെടെയുള്ള കരിയർ ഉപേക്ഷിച്ച് പൂർണമായ നിസംഗതയോടെ രവി മോഹനെ വിട്ടുനൽകുകയാണെന്നും കെനിഷ വ്യക്തമാക്കിയിരുന്നു.
ഇതിന് തൊട്ടുപിന്നാലെ കെനിഷ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടി. നടൻ രവി മോഹന്റെയും ആരതി രവിയുടെയും ബന്ധം തകർക്കാൻ താൻ ഒന്നും ചെയ്തിട്ടില്ലെന്നും, ഒരു സുഹൃത്ത് എന്ന നിലയിൽ അദ്ദേഹത്തിന് മാനസിക പിന്തുണ നൽകുക മാത്രമാണ് ചെയ്തതെന്നും കെനിഷ കഴിഞ്ഞ ദിവസം വിഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.






