
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം 'ദൃശ്യം 3' നാളെ തിയേറ്ററുകളിൽ എത്താനിരിക്കെ, ചിത്രത്തിന്റെ ആദ്യ ഭാഗത്തിലെ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ റോഷൻ ബഷീറിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. 2013-ലെ 'ദൃശ്യം' ഷൂട്ടിംഗ് ദിനങ്ങളിലെ ഓർമ്മചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന് ആശംസകൾ നേർന്നത്. മലയാള സിനിമയിൽ ഒരു ഇതിഹാസമായി മാറിയ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും താരം പങ്കുവെച്ചു.
‘ 2013-ലെ എന്റെ 'ദൃശ്യം' ഷൂട്ടിംഗ് ദിവസങ്ങളിൽ നിന്നുള്ള കുറേ ഓർമ്മകൾ. ഒരു ഇതിഹാസമായി മാറിയ സിനിമ, ഇത്രയും വർഷങ്ങൾക്ക് ശേഷവും ആളുകൾ ഓർത്തിരിക്കുന്ന ഒരു കഥാപാത്രം... ഒടുവിൽ ഇതാ നാളെ 'ദൃശ്യം 3' എത്തുകയാണ്. എന്റെ കഥാപാത്രം ആദ്യ ഭാഗത്തിൽ തന്നെ ഇല്ലാതായതാണ്, എന്നിട്ടും പ്രേക്ഷകരുടെ സ്നേഹത്തിലൂടെയും ട്രോളുകളിലൂടെയും എണ്ണമറ്റ മീമുകളിലൂടെയും ആ കഥാപാത്രം ഇത്രയും വർഷങ്ങളായി ജനമനസ്സുകളിൽ ജീവിച്ചുപോന്നു. സത്യം പറഞ്ഞാൽ, ഞാനും അത് പരമാവധി ആസ്വദിക്കുന്നുണ്ട്.
ആ കഥാപാത്രവും ഞാനും തികച്ചും വ്യത്യസ്തരായ രണ്ട് വ്യക്തികളാണ്, എങ്കിലും ഒരു കഥാപാത്രത്തിന്റെ പേരിൽ ഇത്രയേറെ കാലം തിരിച്ചറിയപ്പെടുക എന്നത് വലിയൊരു ഭാഗ്യമാണ്. ഇത്രയും ഐക്കോണിക് ആയ ഒരു ചിത്രത്തിന്റെ ഭാഗമാക്കിയതിന് മുഴുവൻ അണിയറപ്രവർത്തകരോടും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു.'ദൃശ്യം 3' ടീമിന് എല്ലാവിധ ആശംസകളും നേരുന്നു. നാളത്തെ ദിവസത്തിനായി ഇനി അധികം കാത്തിരിക്കാനാകില്ല’ റോഷന്റെ വാക്കുകള്‍.
അതേസമയം ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ദൃശ്യം 3' ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് നാളെ തിയേറ്ററുകളിൽ എത്തുന്നത്. ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ പറയുന്ന ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളും ഒന്നിനൊന്ന് മികച്ച വിജയം കൈവരിച്ചവയായിരുന്നു. അതുകൊണ്ടുതന്നെ മൂന്നാം ഭാഗത്തിൽ ജോർജുകുട്ടിയുടെ അടുത്ത നീക്കം എന്തായിരിക്കും എന്നറിയാനുള്ള കടുത്ത ആകാംക്ഷയിലാണ് സിനിമാപ്രേമികൾ.
മോഹൻലാലിനൊപ്പം മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം മൂന്നാം ഭാഗത്തിലും തങ്ങളുടെ കഥാപാത്രങ്ങളായി തിരിച്ചെത്തുന്നുണ്ട്. കൂടാതെ ചില പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.






