
കൊല്‍ക്കത്ത: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ റണ്‍ മഴ. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത രണ്ട് വിക്കറ്റിന് 247 റണ്ണെടുത്തു. ഗുജറാത്ത് ടൈറ്റന്‍സ് വഴങ്ങുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.
ഈഡന് ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ഗുജറാത്ത് നായകന് ശുഭ്മന്‍ ഗില്‍ കൊല്‍ക്കത്തയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ഓപ്പണര്‍ ഫിന് അലന് (35 പന്തില്‍ 10 സിക്സറും നാല് ഫോറുമടക്കം 93), അംഗ്കൃഷ് രഘുവംശി (44 പന്തില്‍ ഏഴ് സിക്സറും നാല് ഫോറുമടക്കം പുറത്താകാതെ 82), കാമറൂണ്‍ ഗ്രീന്‍ (28 പന്തില്‍ നാല് സിക്സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 52) എന്നിവരാണു മുന്‍ ചാമ്പ്യനെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. നായകനും ഓപ്പണറുമായ അജിന്‍ക്യ രഹാനെ (14 പന്തില്‍ ഒരു സിക്സറും ഒരു ഫോറുമടക്കം 14), അലന് എന്നിവരാണു പുറത്തായത്്.
ഗുജറാത്തിന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന് നാല് ഓവറില്‍ 57 റണ്‍ വഴങ്ങി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റെടുത്തെങ്കിലും നാല് ഓവറില്‍ 50 റണ്‍ വഴങ്ങി. അര്‍ഷദ് ഖാന് എറിഞ്ഞ ഒരു ഓവറില്‍ വീണത് 22 റണ്‍. 21 പന്തില്‍ 50 കടന്ന അലന് തുടക്കം മുതല്‍ അടിച്ചു തകര്‍ത്തു. രഹാനെയെ സിറാജ് അഞ്ചാം ഓവറില്‍ പുറത്താക്കുമ്പോള്‍ ടീം സ്കോര്‍ 44 കടന്നിരുന്നു. അംഗ്കൃഷും അലനും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 25 പന്തില്‍ 50 കടന്നു. ടീം സ്കോര്‍ ഒന്‍പതാം ഓവറില്‍ നൂറ് കടന്നു. 13-ാം ഓവറില്‍ കൊല്‍ക്കത്ത 150 ലെത്തി. സെഞ്ചുറിയിലേക്കു കുതിച്ച അലനെ സായ് കിഷോര്‍ റാഷിദ് ഖാന്റെ കൈയിലെത്തിച്ചു. അതോടെ അംഗ്കൃഷിനു കൂട്ടായി ഗ്രീനെത്തി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 26 പന്തില്‍ 50 കടന്നു. അംഗ്കൃഷ് 33 പന്തിലും ഗ്രീന്‍ 26 പന്തിലും അര്‍ധ സെഞ്ചുറി കുറിച്ചു. 17-ാം ഓവറില്‍ മുന്‍ ചാമ്പ്യന്മാര് 200 ലെത്തി.





