മാഡ്രിഡ്: പോളണ്ടുകാരന് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്കി സ്പാനിഷ് ഫുട്ബോള്‍ ക്ലബ് ബാഴ്സലോണ വിടുന്നു. ബാഴ്സയ്ക്കായി നാല് സീസണുകള്‍ കളിച്ച ശേഷമാണു ലെവന്‍ഡോസ്കി കളംവിടുന്നത്.
37 വയസുകാരനായ താരം ഇന്‍സ്റ്റഗ്രാമിലൂടെയാണു തീരുമാനം പുറത്തുവിട്ടത്. ''മാറ്റത്തിനുള്ള സമയമായെന്ന്'' ലെവന്‍ഡോസ്കി കുറിച്ചു. 2022 ലാണു താരം ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കില്‍നിന്നു കൂടുമാറി സ്പെയിനിലെത്തുന്നത്. 45 ദശലക്ഷം ഡോളറിനായിരുന്നു ബാഴ്സ വെറ്ററന്‍ താരത്തെ സ്വന്തമാക്കിയത്. ബാഴ്സയ്ക്കായി 190 മത്സരങ്ങള്‍ കളിച്ച ലെവന്‍ഡോസ്കി 119 ഗോളുകളടിച്ചു. 24 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്്്. മൂന്നു തവണ ലാ ലിഗ കിരീടം നേടി. ഒരു കോപാ ഡെല്‍ റേയും മൂന്ന് സ്പാനിഷ് സൂപ്പര്‍ കപ്പുകളും ബാഴ്സയ്ക്കു വേണ്ടി സ്വന്തമാക്കി.
ബയേണിനു വേണ്ടി ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ടെങ്കിലും ബാഴ്സയില്‍ സാധിച്ചില്ല. സാവി ഹെര്‍ണാണ്ടസിനു കീഴിലായിരുന്നു ലാ ലിഗയിലെ അരങ്ങേറ്റം. ബാഴ്സ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണു ലെവന്‍ഡോസ്കി ക്ലബിലെത്തുന്നത്. ക്ലബിനെ മുന്‍നിരയിലേക്കു തിരിച്ചു കൊണ്ടുവരുന്നതില്‍ താരം വലിയ പങ്ക് വഹിച്ചു.
റയാല്‍ ബെറ്റിസിനെതിരേ ഇന്നു സ്വന്തം തട്ടകമായ ന്യൂ ക്യാമ്പില്‍ നടക്കുന്ന മത്സരത്തോടെ ലെവന്‍ഡോസ്കി ക്ലബ് വിടും. സീസണില്‍ ഫെറാന്‍ ടോറസിനൊപ്പം ഒന്‍പതാം നമ്പര്‍ പങ്കുവയ്ക്കുകയായിരുന്നു താരം. മിക്ക മത്സരങ്ങളിലും സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടമുണ്ടായിരുന്നില്ല. എന്നിട്ടും സീസണില്‍ 18 ഗോളുകളടിക്കാനായി. ലെവന്‍ഡോസ്കിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നു ബാഴ്സ കോച്ച് ഹാന്‍സി ഫ്ളിക്ക് പറഞ്ഞു.
ചാമ്പ്യന്‍സ് ലീഗില്‍ 100 ലധികം ഗോളുകളടിച്ച മൂന്നാമത്തെ മാത്രം താരമാണു ലെവന്ഡോക്സി. ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരാണു മറ്റു രണ്ടു പേര്. ലെവന്‍ഡോസ്കിയുടെ അടുത്ത ലക്ഷ്യം സൗദി അറേബ്യയോ യു.എസോ ആയിരിക്കും.





