അബുദാബി: യു.എ.ഇയിലെ ബറാക്ക ആണവനിലയത്തിനു നേരേ ഡ്രോണ്‍ ആക്രമണം. സംഭവത്തെത്തുടര്‍ന്ന് നിലയത്തിന്റെ പുറംഭാഗത്തുള്ള ഇലക്ട്രിക്കല്‍ ജനറേറ്ററില്‍ തീപിടിത്തമുണ്ടായതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. എന്നാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ആണവനിലയത്തിന്റെ റേഡിയേഷന് സുരക്ഷാസംവിധാനങ്ങളെയും ആക്രമണം ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
യു.എ.ഇയിലെ അല്‍ ദഫ്ര മേഖലയിലാണു ബറാക്ക ആണവനിലയം സ്ഥിതിചെയ്യുന്നത്. നിലയത്തിന്റെ ആഭ്യന്തര സുരക്ഷാ അതിരിനു പുറത്തായിരുന്നു ഡ്രോണ്‍ ആക്രമണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജനറേറ്ററിനു തീപിടിച്ചയുടന്‍ അബുദാബിയിലെ സുരക്ഷാസേനകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഭവത്തിനുശേഷം നിലയത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. നിലയത്തിന്റെ സുരക്ഷാമാനങ്ങളില് യാതൊരു മാറ്റവുമില്ലെന്നും എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അബുദാബി മീഡിയ ഓഫീസ് വ്യക്തമാക്കി.
ബറാക്ക ആണവനിലയത്തിലെ പ്രധാന സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തെ ഈ സംഭവം തീരെ ബാധിച്ചിട്ടില്ലെന്നാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്റെ (എഫ്.എ.എന്‍.ആര്) സ്ഥിരീകരണം. നിലയത്തിലെ എല്ലാ സ്റ്റേഷനുകളും പതിവുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും എഫ്.എ.എന്‍.ആര് പ്രസ്താവനയിലൂടെ അഭ്യര്‍ഥിച്ചു.
യു.എ.ഇയിലെ ഫുജൈറ പെട്രോളിയം സോണ്‍, അബുദാബിയിലെ റുവൈസ് വ്യവസായ മേഖല എന്നിവിടങ്ങളില്‍ മുമ്പും ഇത്തരം ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അമേരിക്കയും ഇറാനും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തലിനും ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണങ്ങള്ക്കുമിടയിലാണ് ഇപ്പോഴത്തെ ആക്രമണമെന്നത് ശ്രദ്ധേയമാണ്. ഏപ്രില്‍ 8 മുതല്‍ വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത്തരം ഒറ്റപ്പെട്ട ആക്രമണങ്ങള്‍ പശ്ചിമേഷ്യയെ വീണ്ടും യുദ്ധസാധ്യതയിലേക്കു നയിക്കുമോയെന്ന് ആശങ്ക ഉയരുന്നുണ്ട്.
ആഗോള ഊര്‍ജ പ്രതിസന്ധിയെക്കുറിച്ചുള്ള ഭീതിയൂം ശക്തമാണ്. പാകിസ്താന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും യു.എസും ഇറാനും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. ബറാക്ക ആണവനിലയത്തിനു നേരെയുണ്ടായ ആക്രമണം വിപണിയെയും ആഗോള സമാധാന ശ്രമങ്ങളെയും പ്രതിസന്ധിയിലാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.




