ന്യൂയോര്‍ക്ക് സിറ്റി: യൂറോപ്പില്‍ പതിനെട്ടോളം ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിനു യു.എസ് അധികൃതര്‍ അറസ്റ്റ് ചെയ്ത ഭീകര കമാന്‍ഡര്‍ മുഹമ്മദ് ബാക്കര്‍ സാദ് ദാവൂദ് അല്‍-സാദി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കാനും പദ്ധതിയിട്ടതായി പ്രോസിക്യൂട്ടര്‍മാര്‍. ഒരു പുതിയ പ്രോക്സി ഗ്രൂപ്പ് വഴി ജിഹാദിനും അല്‍-സാദി ആഹ്വാനം ചെയ്തിരുന്നു. ഇറാഖി പൗരനാണ് അല്‍-സാദി. അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചശേഷം പൊടുന്നനെ ഉയര്‍ന്നുവന്ന ഇറാനിയന്‍ പിന്തുണയുള്ള ഭീകര സംഘടനയുമായി ചേര്‍ന്നാണ് ഇയാള്‍ പ്രവര്‍ത്തിച്ചതെന്നാണ് കുറ്റപത്രത്തില്‍. ഇറാനെതിരേ സൈനിക നടപടി ആരംഭിച്ചതിനു തൊട്ടുപിന്നാലെ യൂറോപ്പിലുടനീളമുള്ള തീവ്രവാദ സെല്ലുകള്‍ സജീവമാക്കാന്‍ ഹരകത്ത് അഷാബ് അല്‍-യാമിന് അല്‍-ഇസ്ലാമിയയ്ക്ക് കഴിഞ്ഞതായി ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റില്‍ വെള്ളിയാഴ്ച സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ഹരകത്ത് അഷാബ് അല്‍-യാമിന് അല്‍-ഇസ്ലാമിയക്ക് (ഹിയ) പിന്നിലെന്ന് ആരോപിക്കപ്പെടുന്ന ഭീകര സംഘടനയായ കതൈബ് ഹിസ്ബല്ലയിലെ മുതിര്‍ന്ന നേതാവായിരുന്നു മുപ്പത്തിരണ്ടുകാരനായ അല്‍-സാദി. ഈ വര്‍ഷം മാര്‍ച്ചിലാണ് ഈ പുതിയ സംഘം ഉയര്‍ന്നുവന്നത്. തുടര്‍ന്ന് യൂറോപ്പില്‍ അമേരിക്കക്കാരെയും യഹൂദന്മാരെയും ലക്ഷ്യമിട്ട് 18 ബോംബാക്രമണങ്ങള്‍, കത്തിക്കുത്തുകള്‍, തീവയ്പ്പുകള്‍ എന്നിവ നടത്തിയതായി ആരോപിക്കപ്പെട്ടിട്ടുണ്ട്.
കാനഡയില്‍ നടന്ന രണ്ട് ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിന്റെ ഉത്തരവാദിത്വം സംഘടന ഏറ്റെടുത്ത കാര്യവും കോടതി ഫയലിങ്ങുകള്‍ വെളിവാക്കുന്നു.
'ട്രംപിനെ കൊല്ലൂ, അമേരിക്കക്കാരെ സ്വതന്ത്രരാക്കൂ'- ഏപ്രില്‍ 20 ന്, അല്‍-സാദി സ്നാപ്ചാറ്റില്‍ യു.എസ് പ്രസിഡന്റിനെ ഭീഷണിപ്പെടുത്തി സന്ദേശം പോസ്റ്റ് ചെയ്തു. 'അഹങ്കാരിയും കുറ്റവാളിയും ശപിക്കപ്പെട്ടതുമായ ട്രംപിനെ' കൊല്ലണമെന്ന് അദ്ദേഹം അനുയായികളോട് അഭ്യര്‍ത്ഥിച്ചു. കുടുംബങ്ങളുടെ രക്തം ചിന്തപ്പെടുകയും കുട്ടികളുടെ ജീവന് അപഹരിക്കുകയും ചെയ്ത എപ്സ്റ്റീന് ദ്വീപിലെ ഇരകള്‍ക്കുള്ള സന്ദേശമാണിതെന്നും അതിലുണ്ടായിരുന്നു. സന്ദേശത്തോടൊപ്പം ഹരകത്ത് അഷാബ് അല്‍-യാമിന് അല്‍-ഇസ്ലാമിയയുടെ ലോഗോയും ഉണ്ടായിരുന്നു. മാര്‍ച്ച് ഒമ്പതിന് ബെല്‍ജിയത്തിലെ ലീജിലെ ഒരു സിനഗോഗില്‍ ബോംബ് വച്ചായിരുന്നു പുതുതായി രൂപീകരിച്ച ഭീകര സംഘടനയുടെ ആദ്യ ആക്രമണം. ആക്രമണത്തിന് ശേഷം, അല്‍-സാദി ടെലിഗ്രാമില്‍ സംഘടനയുടെ ലോഗോ പോസ്റ്റ് ചെയ്തു. കൂടുതല്‍ അക്രമത്തിനുള്ള ആഹ്വാനവും ഇതോടൊപ്പം നടത്തിയിരുന്നതായി പ്രാസിക്യൂട്ടര്മാരെ ഉദ്ധരിച്ച് കോടതി ഫയലിങ്ങുകള്‍ വെളിവാക്കി. അല്‍-സാദി വെള്ളിയാഴ്ച ഒരു മാന്‍ഹട്ടന്‍ കോടതിയില്‍ ഹാജരായി. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഭൗതിക പിന്തുണ നല്‍കാനുള്ള ഗൂഢാലോചന, ബോംബാക്രമണങ്ങള്‍ എന്നിവയുള്‍പ്പെടെ ആറ് കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.




