ടൊറന്റോ: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് സുരക്ഷിതമായ ലൈംഗികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനായി ഫുട്ബോള്‍ ആരാധകര്‍ക്ക് സൗജന്യമായി ഗര്‍ഭനിരോധന ഉറകള്‍ വിതരണംചെയ്യാന്‍ ടൊറന്റോ നഗരസഭയുടെ തീരുമാനം. ഫുട്ബോള്‍ പ്രമേയമാക്കി സോക്കര്‍ തീമിലുള്ള ഗര്‍ഭനിരോധന ഉറകളാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്.
ലോകകപ്പിനായി കാനഡയിലെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് ടൊറന്റോ പബ്ലിക് ഹെല്‍ത്ത് വിഭാഗമാണ് സൗജന്യമായി ഇവ വിതരണം ചെയ്യുന്നത്. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന കായിക മാമാങ്കത്തില്‍ 3,00,000 സന്ദര്‍ശകരെയാണ് നഗരം പ്രതീക്ഷിക്കുന്നത്.
ആറ് വ്യത്യസ്ത ഡിസൈനുകളിലുള്ള ലിമിറ്റഡ് എഡിഷന് ഗര്‍ഭനിരോധന ഉറകളാണ് ടൊറന്റോ പബ്ലിക് ഹെല്‍ത്ത് പുറത്തിറക്കുന്നത്. രസകരമായ പേരുകളാണ് ഇവയ്ക്ക് ഇട്ടിരിക്കുന്നത്.
ടൊറന്റോ പബ്ലിക് ഹെല്‍ത്ത് നടത്തുന്ന ലൈംഗികാരോഗ്യ ക്ലിനിക്കുകള്‍ വഴിയും സന്നദ്ധ സംഘടനകള്വഴിയുമാണ് ഇവ സൗജന്യമായി പൊതുജനങ്ങള്‍ക്കായി വിതരണം ചെയ്യുക. സുരക്ഷിതമായ ലൈംഗികബന്ധം പ്രോത്സാഹിപ്പിക്കുക, ലൈംഗികാരോഗ്യത്തെക്കുറിച്ചുള്ള സാമൂഹികമായ വിമുഖത കുറയ്ക്കുക, ആളുകളെ ആരോഗ്യ സേവനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഏകദേശം രണ്ട് ലക്ഷം ഡോളര്‍ ചെലവഴിച്ച് ആറ് വ്യത്യസ്ത ഡിസൈനുകളിലുള്ള അഞ്ചര ലക്ഷത്തിലധികം ഉറകളാണ് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. ഫുട്ബോള്‍ പദപ്രയോഗങ്ങളും ഫുട്ബോളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ചാണ് ഈ ഉറകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.





