ലണ്ടന്‍: ഇംഗ്ലീഷ് എഫ്.എ. കപ്പ് ഫുട്ബോളില്‍ വീണ്ടും മുത്തമിട്ട് മാഞ്ചെസ്റ്റര്‍ സിറ്റി. ചെല്‍സിയെ ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് സിറ്റി കപ്പ് വീണ്ടെടുത്തത്. രണ്ടാം പകുതിയില്‍ അന്റോണിയൊ സെമന്യോ (71) വിജയഗോള്‍ കുറിച്ചു. എട്ടാം തവണയാണ് സിറ്റി എഫ്.എ.കപ്പ് സ്വന്തമാക്കുന്നത്.
കളിയില്‍ തുടക്കംമുതല്‍ ആധിപത്യം നേടിയെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ നേടുന്നതില്‍ സിറ്റി താരങ്ങള്‍ക്കായില്ല. ഉജ്ജ്വലമായ ഗോളിലൂടെയാണ് സെമന്യോ ടീമിനെ വിജയതീരത്തെത്തിച്ചത്. എര്‍ലിങ് ഹാളണ്ട് നല്കിയ ക്രോസില്‍ ബാക്ക് ഹീല്‍ ഫ്ളിക്കിലൂടെ ഘാന സ്ട്രൈക്കര്‍ ചെല്‍സി ഗോളി റോബര്‍ട്ട് സാഞ്ചസിനെ കീഴടക്കി.
തുടരെ രണ്ടു ഫൈനലുകളില്‍ തോല്‍വി നേരിട്ട സിറ്റി മൂന്നാം തവണ ലക്ഷ്യം നേടി. 2023-ല്‍ ചാമ്പ്യന്മാരായെങ്കിലും തുടര്‍ന്ന് രണ്ട് സീസണിലും കിരീടപ്പോരാട്ടത്തില്‍ അടിതെറ്റി.
സീസണില്‍ ട്രിപ്പിള്‍ കിരീടത്തിനുള്ള അവസരമാണ് പെപ് ഗാര്‍ഡിയോളയുടെ ടീമിനുമുന്നിലുള്ളത്. ലീഗ് കപ്പില്‍ സിറ്റിയാണ് ജേതാക്കള്‍. പ്രീമിയര്‍ ലീഗില്‍ ആഴ്സനലിന് രണ്ടു പോയിന്റ് പിന്നില്‍ രണ്ടാംസ്ഥാനത്താണ്. രണ്ടു മത്സരങ്ങളാണ് അവശേഷിക്കുന്നത്. പത്തുവര്‍ഷത്തിനിടെ പെപ് ഗാര്‍ഡിയോളയുടെ 17-ാം കിരീട നേട്ടമാണിത്.കിരീടങ്ങളില്ലാതെയാണ് ചെല്‍സി സീസണ് അവസാനിപ്പിക്കുന്നത്. ഇടക്കാല കോച്ച് കാലും മക്ഫാര്ലന് കീഴില്‍ കളിക്കുന്ന നീലപ്പട പ്രീമിയര്‍ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ്. യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുന്നതിലും ടീം പരാജയപ്പെട്ടു. 2018-ല്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഫൈനലില്‍ തോല്‍പ്പിച്ചാണ് ചെല്‍സി അവസാനമായി എഫ്.എ.കപ്പ് ഉയര്‍ത്തിയത്. 2020, 21, 22, 26 സീസണുകളില്‍ ഫൈനലില്‍ തോല്‍ക്കാനായിരുന്നു വിധി.





