
തിരുവനന്തപുരം: ജനസാഗരത്തെ സാക്ഷിനിര്‍ത്തി കേരളാമുഖ്യമന്ത്രി വി.ഡി. സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ രാവിലെ 10.17 നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ ആര്‍ലേക്കര്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ആവേശത്തോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന പാര്‍ട്ടിപ്രവര്‍ത്തകരെയും വിവിധ കേന്ദ്രസംസ്ഥാന നേതാക്കളുടേയും പ്രതിപക്ഷത്തെ നേതാക്കളെയും സാക്ഷിനിര്‍ത്തിയായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.
രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത് യുഡിഎഫില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച മുസ്‌ളീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാ യിരുന്നു. ദൈവനാമത്തില്‍ അദ്ദേഹം വ്യവസായ, ഐ.ടി. വകുപ്പാണ് ഈ മന്ത്രിസഭയില്‍ കയ്യാളുന്നത്. ആഭ്യന്തര, വിജിലന്‍സ് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയായിരുന്നു മൂന്നാമത് സത്യപ്രതിജ്ഞ ചെയ്തത്. നാലാമത് കെപിസിസി സംസ്ഥാന അദ്ധ്യക്ഷനും എംഎല്‍എയുമായ സണ്ണിജോസഫ് ആയിരുന്നു എത്തിയത്. റവന്യൂവകുപ്പ് നല്‍കിയേക്കുമെന്നാണ് സൂചന.
ഇവര്‍ക്ക് പിന്നാലെ കെ.മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബിജോണ്‍, അനൂപ് ജേക്കബ്, സി.പി.ജോണ്‍, എ.പി. അനില്‍കുമാര്‍, എം ഷംസുദ്ദീന്‍, പി.സി. വിഷ്ണുനാഥ്, റോജി എം ജോണ്‍, ബിന്ദുകൃഷ്ണ, എം.ലിജു, കെ.എം. ഷാജി, പി.കെ. ബഷീര്‍, പി. അബ്ദുള്‍ഗഫൂര്‍, ടി.സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരും സത്യപ്രതിജ്ഞ ചെയ്തതോടെയാണ് ചടങ്ങുകള്‍ അവസാനിച്ചത്.
എല്ലാവരും ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. മല്ലികാര്‍ജ്ജുന ഖാര്‍ഗേ, രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, കേരളത്തിലെ കോണ്‍ഗ്രസിന്റെ വിവിധ മുതിര്‍ന്ന നേതാക്കള്‍, നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി സംസ്ഥാന പ്രസിഡന്റും എംഎല്‍എ യുമായ രാജീവ് ചന്ദ്രശേഖര്‍ എന്നിവരെല്ലാം ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയിരുന്നു.






