മാഡ്രിഡ്: പോളണ്ടുകാരന് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്കി സ്പാനിഷ് ഫുട്ബോള്‍ ക്ലബ് ബാഴ്സലോണയ്ക്കായി തട്ടകത്തിലെ അവസാന മത്സരം കളിച്ചു. സ്വന്തം തട്ടകമായ ന്യൂക്യാമ്പില്‍ റയാല്‍ ബെറ്റിസിനെതിരായ മത്സരത്തോടെയായിരുന്നു ലെവന്‍ഡോസ്കിയുടെ വിടവാങ്ങല്‍. ലാ ലിഗയില്‍ കിരീടം ഉറപ്പാക്കിയ ബാഴ്സലോണ ബെറ്റിസിനെതിരേ 3-1 നു ജയിച്ചു. 37 കളികളില്‍നിന്ന് 94 പോയിന്റാണ് അവര്‍ നേടിയത്. 57 പോയിന്റുള്ള ബെറ്റിസ് അഞ്ചാം സ്ഥാനത്താണ്.
ബാഴ്സയ്ക്കായി നാല് സീസണുകള്‍ കളിച്ച ശേഷമാണു 37 വയസുകാരനായ ലെവന്‍ഡോസ്കി കളംവിടുന്നത്. 2022 ലാണു താരം ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കില്‍നിന്നു കൂടുമാറി സ്പെയിനിലെത്തുന്നത്. ബാഴ്സയ്ക്കായി 191 മത്സരങ്ങള്‍ കളിച്ച ലെവന്‍ഡോസ്കി 119 ഗോളുകളടിച്ചു. 24 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്്്. മൂന്നു തവണ ലാ ലിഗ കിരീടം നേടി. ഒരു കോപാ ഡെല്‍ റേയും മൂന്ന് സ്പാനിഷ് സൂപ്പര്‍ കപ്പുകളും ബാഴ്സയ്ക്കു വേണ്ടി സ്വന്തമാക്കി. ബയേണിനു വേണ്ടി ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ടെങ്കിലും ബാഴ്സയില്‍ സാധിച്ചില്ല. ബെറ്റിസിനെതിരേ ബാഴ്സയ്ക്കായി റാഫിഞ്ഞ ഇരട്ട ഗോളുകളും ജോയ കാന്‍സലോ ഒരു ഗോളുമടിച്ചു. ഇസ്കോയാണു ബെറ്റിസിനായി ഗോളടിച്ചത്. ലാ ലിഗ സീസണിലെ എല്ലാ 19 ഹോം മത്സരങ്ങളും ജയിക്കുന്ന ആദ്യ ടീമെന്ന ഖ്യാതി ഹാന്‍സി ഫ്ളിക്കിന്റെ ശിഷ്യന്മാര് സ്വന്തമാക്കി. കഴിഞ്ഞ വാരാന്ത്യത്തില്‍ റയാല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് ബാഴ്സ കിരീടം ഉറപ്പിച്ചത്. 28-ാം മിനിറ്റില്‍ റഫീഞ്ഞ എടുത്ത മികച്ച ഫ്രീ കിക്ക് ഗോള്‍ കീപ്പര്‍ ആല്‍വാരോ വാലെസിനെ അമ്പരപ്പിച്ചു വലയില്‍ കയറി.
മത്സരം ഒരു മണിക്കൂര്‍ പിന്നിട്ടതിന് പിന്നാലെ ബ്രസീല്‍ താരം ലീഡ് ഇരട്ടിയാക്കി. ബെറ്റിസിന്റെ ഹെക്ടര്‍ ബെല്ലെറിന്റെ അലക്ഷ്യമായ പാസ് മുതലെടുത്താണു താരം ഗോളടിച്ചത്. 69-ാം ബെറ്റിസിന് അനുകൂലമായി പെനാല്‍റ്റി. ഗാവി ബോക്സിനുള്ളില്‍ ഇസ്കോയെ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി. ഇസ്കോയ്ക്കു ലക്ഷ്യം പിഴച്ചില്ല. 74-ാം മിനിറ്റില്‍ ബാഴ്സയുടെ മൂന്നാം ഗോളെത്തി. കാന്‍സെലോ അകലെനിന്നു തൊടുത്ത മികച്ചൊരു സ്ട്രൈക്ക് വലയില്‍ കടന്നു. ഒരു സീസണിലെ എല്ലാ ഹോം ലീഗ് മത്സരങ്ങളും വിജയിക്കുന്ന ലാ ലിഗയിലെ 11-ാമത്തെ ടീമാണ്.





