മയാമി: മേജര്‍ ലീഗ് സോക്കറില്‍ ജയം തുടര്‍ന്ന് ഇന്റര്‍ മയാമി. പുതിയ എന്‍.യു. സ്റ്റേഡിയത്തില്‍ പോര്ട്ട്ലന്ഡിനെതിരേ നടന്ന മത്സരത്തില്‍ 2-0 ത്തിനു ജയിക്കാന്‍ അവര്‍ക്കായി.
സൂപ്പര്‍ താരം ലയണല്‍ മെസി മത്സരത്തില്‍ ഗോളും അസിസ്റ്റും കുറിച്ചു. ജെര്‍മന്‍ ബെര്ട്ടാമിയാണ് മയാമിക്കായി ഒരു ഗോളടിച്ചത്. ഈസ്റ്റേണ്‍ കോണ്ഫെറന്സില് മയാമിയും നാഷ്വിലെയും തമ്മിലുള്ള അകലം കുറഞ്ഞു വരികയാണ്. നാഷ്വിലെ 13 കളികളിലായി 30 പോയിന്റും മയാമി 14 കളികളില്‍നിന്ന് 28 പോയിന്റും നേടി. കഴിഞ്ഞ മാസമാണ് എന്‍.യു. സ്റ്റേഡിയം തുറന്നത്. ആറ് വര്‍ഷം ഫോര്‍ട്ട് ലൗഡര്ഡെയ്ലിയിരുന്നു ഇന്റര്‍ മയാമി ഹോം മത്സരങ്ങള്‍ കളിച്ചത്്. എന്‍.യുവില്‍ നടന്ന നാല് മത്സരങ്ങളില്‍ ആദ്യമായാണു ജയിക്കാനായത്. മൂന്നു സമനിലയും ഒരു തോല്‍വിയുമായിരുന്നു ഇതുവരെ.
26,700 പേരാണ് ഇന്നലെ കളി കാണാനെത്തിയത്. 30-ാം മിനിറ്റില്‍ മെസിയിലൂടെ മയാമി മുന്നിലെത്തി. സഹ അര്‍ജന്റീന താരം റോഡ്രിഗോ ഡി പോള്‍ വലത് വിംഗിലൂടെ കുതിച്ചുയര്‍ന്ന് മെസിക്ക് പന്ത് നല്കി. കിട്ടിയ അവസരം താരം പാഴാക്കിയില്ല.
താരത്തിന്റെ 910 -ാം കരിയര്‍ ഗോളാണു പിറന്നത്. 41-ാം മിനിറ്റില്‍ ലീഡ് ഇരട്ടിയാക്കി. മെസിയും ലൂയിസ് സുവാരസുമായി ഒരു വണ്‍-ടു പാസിലൂടെ പോര്‍ട്ട്ലന്‍ഡ് ഗോള്‍ മുഖത്ത്. നാല് ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് ബോക്സിലേക്ക് കുതിച്ചു കയറിയ മെസി ഇടതുകാലിന്റെ പുറംഭാഗം കൊണ്ട് ജര്‍മ്മന്‍ ബെര്ട്ടെരാമിന് മറിച്ചു നല്കി. രണ്ടാം പകുതിയില്‍ ഒന്നിലധികം അവസരങ്ങള്‍ മെസിക്ക് നഷ്ടമായി. മത്സരത്തിന്റെ അവസാന നിമിഷം ഒരു ഫ്രീ കിക്കിലൂടെ താരം വീണ്ടുമൊരു ഗോളിനടുത്തെത്തിയെങ്കിലും ഗോള്‍ കീപ്പര്‍ ജെയിംസ് പാന്റെമിസിന്റെ സേവ് വിഘാതമായി.





