സില്‍ഹത്: ബംഗ്ലാദേശിന്റെ വെറ്ററന്‍ ക്രിക്കറ്റര്‍ മുഷ്ഫിഖര്‍ റഹിമിന് റെക്കോഡ്. പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയടിച്ചതോടെയാണു 39 വയസുകാരനായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അപൂര്‍വമായ റെക്കോഡ് കുറിച്ചത്.
പാകിസ്താനെതിരേ സെഞ്ചുറിയടിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ഇതിഹാസ താരം വെസ്്റ്റിന്ഡീസിന്റെ ബ്രയാന്‍ ലാറയുടെ റെക്കോഡാണു മുഷ്ഫിഖര്‍ തിരുത്തിയത്. 2006 മുള്‍ട്ടാന്‍ ടെസ്റ്റില്‍ സെഞ്ചുറിയടിക്കുമ്പോള്‍ ലാറയുടെ പ്രായം 37 വര്‍ഷവും 201 ദിവസവുമായിരുന്നു. മുഷ്ഫിഖര്‍ റഹിം 39 വര്‍ഷവും ഏഴ് ദിവസവും പ്രായമുള്ളപ്പോഴാണു സെഞ്ചുറിയടിച്ചത്. ബംഗ്ലാ താരത്തിന്റെ 102-ാം ടെസ്റ്റാണിത്്. 274 ഏകദിനവും 102 ട്വന്റി20 കളും കളിച്ചു. ടെസ്റ്റില്‍ 14 സെഞ്ചുറികള്‍ സ്വന്തമാക്കി. 6,763 റണ്ണെടുത്ത താരം ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ ടോപ് സ്കോററുമാണ്. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സില്‍ 233 പന്തില്‍ ഒരു സിക്സറും 12 ഫോറുമടക്കം 137 റണ്ണെടുത്ത റഹിം ടോപ് സ്കോററായി.
സ്കോര്‍: ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സ് 278, രണ്ടാം ഇന്നിങ്സ് 390. പാകിസ്താന് ഒന്നാം ഇന്നിങ്സ് 232. രണ്ടാം ഇന്നിങ്സ് വിക്കറ്റ് പോകാതെ 0.
മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ അസാന് അവൈസ്, അബ്ദുള്ള ഫസല്‍ എന്നിവര്‍ ക്രീസിലുണ്ട്. രണ്ട് ദിവസം ശേഷിക്കേ അവര്‍ക്ക് 437 റണ്ണാണു നേടാനുള്ളത്.





