കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ സീസണിലെ അവസാന ഹോം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് 2-1 ന് എഫ്.സി ഗോവയെ തോല്‍പ്പിച്ചു. തുടര്‍ച്ചയായ ആറ് മത്സരങ്ങളിലാണു ബ്ലാസ്റ്റേഴ്സ് തോല്‍വി അറിയാതെ പൂര്‍ത്തിയാക്കിയത്. 13 കളികളില്‍നിന്ന് 17 പോയിന്റുള്ള അവര്‍ എട്ടാം സ്ഥാനത്താണ്. തുടക്കത്തില്‍ പന്തടക്കത്തില്‍ ഗോവ മുന്നിട്ടുനിന്നെങ്കിലും കൃത്യമായ പ്രതിരോധത്തിലൂടെ ബ്ലാസ്റ്റേഴ്സ് അവരെ തടഞ്ഞു. നായകന് ഐബന്റെ നേതൃത്വത്തില്‍ ഫല്ലോയും ഹോര്‍മിപാമും പ്രതിരോധക്കോട്ട കെട്ടിയതോടെ ഗോവയ്ക്ക് മുന്നേറ്റങ്ങള്‍ നടത്താനായില്ല. ഒന്നാം പകുതിയോടെ കളിയില്‍ പിടിമുറുക്കിയ ബ്ലാസ്റ്റേഴ്സിനായി വിബിന് നടത്തിയ ഒരു മികച്ച ശ്രമം ഗോള്‍ കീപ്പര്‍ ബോബ് തട്ടിയകറ്റി. ഫ്രാഞ്ചുവും നിഹാലും ചേര്‍ന്നുള്ള മുന്നേറ്റങ്ങളും ഒന്നാം പകുതിയില്‍ ഗോവയ്ക്ക് ഭീഷണിയുയര്‍ത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കൊച്ചിയെ ഇളക്കിമറിച്ച് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോളടിച്ചു.
48-ാം മിനിറ്റില്‍ ബോക്സിന്റെ ഇടതുഭാഗത്തുനിന്നു കെവിന് യോക്ക് തൊടുത്ത മനോഹരമായ ഒരു ഷോട്ട് പോസ്റ്റിന്റെ മൂലയിലേക്ക് തുളച്ചു കയറി. ഐ.എസ്.എല്ലില്‍ യോക്കിന്റെ ആദ്യ ഗോളായിരുന്നു അത്.
62-ാം മിനിറ്റില്‍ നെമിലിലൂടെ ഗോവ സമനില പിടിച്ചു. സമനില വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് വീണ്ടും ആക്രമണം ശക്തമാക്കി. ഫലമായി 81-ാം മിനിറ്റില്‍ ലീഡ് പിറന്നു. ഫ്രാഞ്ചു എടുത്ത കണിശമായ കോര്‍ണര്‍ കിക്ക് കണക്ട് ചെയ്ത് ഫല്ലോ എന്‍ഡിയായെ ലക്ഷ്യത്തിലെത്തിച്ചതോടെ സ്റ്റേഡിയം ആവേശത്തിലായി. അവസാന നിമിഷങ്ങളില്‍ സമനിലയ്ക്കായി ഗോവ കഠിനമായി ശ്രമിച്ചെങ്കിലും ഫല്ലോയുടെ നേതൃത്വത്തിലുള്ള പ്രതിരോധം ജയം ഉറപ്പിച്ചു.





